‘സ്വാഗതം വിക്ടർ..’; കാളക്കൊമ്പന്മാരുടെ നാട്ടിൽ നിന്നൊരു താരം; കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ താരം സ്പെയിനിൽ നിന്ന്

July 13, 2022

മികച്ച തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത സീസണിൽ കപ്പടിക്കാൻ ഇപ്പോഴേ ഒരുങ്ങുകയാണ് കേരളത്തിന്റെ കൊമ്പന്മാർ. ഇപ്പോൾ ഈ സീസണിനായി രണ്ടാമത്തെ വിദേശ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് ടീം. സ്‌പാനിഷ്‌ ഡിഫൻഡറായ വിക്ടർ മോങ്‌ഗിൽ ആണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്‌ത രണ്ടാമത്തെ വിദേശ താരം.

നേരത്തെ ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാനും ഒഡീഷ എഫ്സിക്കും വേണ്ടി കളിച്ചിട്ടുള്ള താരം ബൾഗേറിയൻ ക്ലബായ എഫ്സി ഹെബാറിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. 2020 ൽ എടികെയ്ക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിൽ ഒഡീഷയ്ക്ക് വേണ്ടിയാണ് പന്ത് തട്ടിയത്.

അതേ സമയം ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്‌തൊലോസ് ജിയാനുവാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ആദ്യം ടീമിലെത്തിച്ച വിദേശ താരം. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തിയ താരം 2023 വരെ ടീമിലുണ്ടാവും.താരത്തിന് സ്വാഗതം ആശംസിച്ച് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്വിറ്ററിൽ പങ്കുവെച്ച ഒരു വിഡിയോ ആരാധകരുടെ ഇടയിൽ വൈറലായിരുന്നു. ‘ഗ്രീക്ക് ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ എന്ന കുറിപ്പോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് സ്വാഗതം ആശംസിച്ചത്.

Read More: ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണ്ണം നേടും; കോമൺവെൽത്ത് ഗെയിംസ് പ്രതീക്ഷകളെ പറ്റി മിതാലി രാജ്

നേരത്തെ വിദേശ താരങ്ങളുടെ സൈനിങ്‌ വൈകുന്നതിൽ പ്രതിഷേധിച്ച് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായ ഒരു വിഡിയോയിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി നൽകിയിരുന്നു. ‘ക്ഷമ വേണം, സമയമെടുക്കും” എന്ന പ്രശസ്‌ത സിനിമ ഡയലോഗ് കുറിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കമെന്റുകൾക്കുള്ള മറുപടിയായി മഹേഷിന്റെ പ്രതികാരത്തിലെ ദിലീഷ് പോത്തന്റെ ‘ചിൽ സാറ ചിൽ’ എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീം വിഡിയോ പങ്കുവെച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു.

Story Highlights: Kerala blasters second foreign player signing