‘യാതൊന്നും പറയാതെ രാവേ..’- ആലാപനമാധുര്യത്തിൽ അമ്പരപ്പിച്ച് കീർത്തി സുരേഷ്

ടൊവിനോ തോമസും കീർത്തി സുരേഷും ഒന്നിക്കുന്ന ചിത്രം ‘വാശി’ നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ഒരു കോടതി ചിത്രമായ വാശിക്ക് ലഭിക്കുന്നത്. കീർത്തി സുരേഷ്, ടൊവിനോ തോമസ് എന്നിവരുടെ കെമിസ്ട്രിയും പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ, ചിത്രത്തിലെ ‘യാതൊന്നും പറയാതെ’ എന്ന ഗാനം ആലപിക്കുകയാണ് കീർത്തി സുരേഷ്. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. സിതാര കൃഷ്ണകുമാറും അഭിജിത്ത് അനിൽകുമാറും ചേർന്നാണ് ‘യാതൊന്നും പറയാതെ’ എന്ന ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത്.
അതിമനോഹരമായാണ് കീർത്തി സുരേഷ് ഗാനം ആലപിക്കുന്നത്. കീർത്തി സുരേഷിലെ സംഗീതജ്ഞയെ അടുത്തിടെയാണ് ആരാധകർ അടുത്തറിഞ്ഞത്. വാശിക്ക് മുൻപ് ഹിറ്റായി മാറിയ സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലെ ഗാനത്തിന് വയലിനിൽ താരം വിസ്മയം തീർത്തിരുന്നു. വാശി എന്ന ചിത്രത്തിന് നെറ്റ്ഫ്ലിക്സിൽ ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് നടി ഗാനം ആലപിച്ചിരിക്കുന്നത്.
വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിർവ്വഹിച്ച ‘വാശി’യിൽ ടൊവിനോ തോമസും കീർത്തി സുരേഷും എബിൻ മാത്യുവും മാധവി മോഹനുമായി എത്തുന്നു. എബിൻ മാത്യു, മാധവി മോഹൻ എന്നിവർ അഭിഭാഷകരാണ്. ഇവരുടെ വിവാഹവും നിർണായകമായൊരു കേസിൽ ഇരുവരും എതിർസ്ഥാനത്ത് നിന്ന് വാദിക്കേണ്ടി വരുന്നതുമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
Read Also: ബാലുവിന്റെ നാടൻ പാട്ട്; താരവേദിയുടെ മനസ്സ് നിറച്ച പ്രകടനവുമായി ബിജു സോപാനം
ജാനിസ് ചാക്കോ സൈമണാണ് വാശിയുടെ കഥ ഒരുക്കിയിരിക്കുന്നത്. നീൽ കാമറ. ചിത്രത്തിന്റെ എഡിറ്ററായി മഹേഷ് നാരായണൻ എത്തിയിരിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്നിരിക്കുന്നു. സാബു മോഹൻ കലാവിഭാഗവും ദിവ്യ ജോർജ് വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു. പി വി ശങ്കറാണ് മേക്കപ്പ്മാൻ.
Story highlights- Keerthy Suresh sings ‘Yaathonnum Parayathe’