ലോക്ക് ഡൗൺ കാലത്ത് സ്വയം നിർമിച്ച വിമാനത്തിൽ കുടുംബസമേതം യൂറോപ്പ് ചുറ്റുന്ന മലയാളി!
ലോക്ക് ഡൗൺ കാലം പലതരം പരീക്ഷണങ്ങളുടെ സമയമായിരുന്നു എല്ലാവർക്കും. പുത്തൻ പാചക പരീക്ഷണങ്ങളും പുതിയ ശീലങ്ങളുമൊക്കെ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കി. എന്നാൽ, മറ്റൊരാൾ അല്പം വേറിട്ട പാതയിലാണ് സഞ്ചരിച്ചത്. മാത്രമല്ല, അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു. ആലപ്പുഴ സ്വദേശിയായ അശോക് നാല് സീറ്റുള്ള വിമാനമാണ് നിർമിച്ചത്. തനിക്കും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ലോക്ക് ഡൗൺ കാലത്ത് ആദ്യം മുതൽ അദ്ദേഹം തന്നെ വിമാന നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നു.
ലണ്ടനിൽ സ്ഥിരതാമസമാക്കിയ അശോക് താമരാക്ഷൻ 18 മാസം കൊണ്ട് നാല് സീറ്റുകളുള്ള വിമാനം നിർമ്മിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ, അദ്ദേഹവും കുടുംബവും അവരുടെ മകൾ ദിയയുടെ പേരിലുള്ള ജി-ദിയ വിമാനത്തിൽ യുകെയിലുടനീളം യാത്ര ചെയ്യുകയാണ്.
മുൻ എംഎൽഎ എ വി താമരാക്ഷന്റെ മകനാണ് അശോക് അലിശേരിൽ താമരാക്ഷൻ. ബിരുദാനന്തര ബിരുദം നേടുന്നതിനായി 2006 ൽ യുകെയിലേക്ക് പോയ അദ്ദേഹം നിലവിൽ ഫോർഡ് മോട്ടോർ കമ്പനിയിൽ ജോലി ചെയ്യുന്നു. പാലക്കാട് എൻജിനീയറിങ് കോളേജിൽ നിന്നാണ് അശോക് ബിടെക് പൂർത്തിയാക്കിയത്.
പൈലറ്റ് ലൈസൻസ് ഉള്ള അശോക് താമരാക്ഷൻ ഭാര്യയ്ക്കും പെൺമക്കൾക്കും ഒപ്പം ജർമ്മനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്ക് ഈ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്.2018 ലാണ് അശോക് പൈലറ്റ് ലൈസൻസ് നേടിയത്. അതിനുശേഷം യാത്രകൾക്കായി രണ്ട് സീറ്റുള്ള ചെറിയ വിമാനം വാടകയ്ക്ക് എടുത്തിരുന്നു. കുടുംബത്തിൽ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതിനാൽ നാല് സീറ്റുള്ള വിമാനം ആവശ്യമായി വന്നു. അങ്ങനെയാണ് സ്വായം ഒരെണ്ണം നിർമിച്ചത്.
Story highlights- Kerala man built a four-seater plane from scratch