“കണ്ണും പൂട്ടിയങ്ങ് ചെയ്‌തു, മമ്മൂക്കയോട് സമ്മതം ചോദിച്ചിരുന്നു..”; വൈറൽ ഡാൻസിനെ പറ്റി കുഞ്ചാക്കോ ബോബൻ

July 27, 2022

കുഞ്ചാക്കോ ബോബന്റെ വൈറൽ ഗാനവും ചുവടുകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കിയിരിക്കുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലെ താരത്തിന്റെ ഡാൻസാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. “ദേവദൂതർ പാടി..” എന്ന ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ ഡാൻസാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ ഗാനത്തിന് ചുവട് വെച്ചതിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു പഴയ കാല കള്ളനെയാണ് താൻ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും കഥാപാത്രത്തിന് ഉത്സവത്തിനും പെരുന്നാളിനുമൊക്കെ പോയി ഗാനമേള ആസ്വദിക്കുന്ന ഒരു ശീലമുണ്ടെന്നും പറയുകയാണ് കുഞ്ചാക്കോ ബോബൻ. അത്തരത്തിൽ ആൾക്കൂട്ടത്തിനിടയിൽ ഡാൻസ് കളിക്കുന്നൊരാളുടെ റെഫറൻസ് സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാൾ നൽകിയിരുന്നു.

കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. തെറ്റിച്ച് ഡാൻസ് ചെയ്യക എന്നതായിരുന്നു ഇതിലെ ശരി എന്നും താരം പറഞ്ഞു.

നേരത്തെ നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.

Read More: “ചാക്കോച്ചാ പൊളിച്ചൂടാ മോനെ..”; കുഞ്ചാക്കോ ബോബന് പ്രശംസയുമായി യഥാർത്ഥ ‘ദേവദൂതരുടെ’ സംഗീത സംവിധായകൻ ഔസേപ്പച്ചൻ

അതേ സമയം എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെക്കുറിച്ചുള്ള രസകരമായ ഒരു പത്ര വാർത്തയിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Story Highlights: Kunchakko boban about his viral dance