“ചാക്കോച്ചാ പൊളിച്ചൂടാ മോനെ..”; കുഞ്ചാക്കോ ബോബന് പ്രശംസയുമായി യഥാർത്ഥ ‘ദേവദൂതരുടെ’ സംഗീത സംവിധായകൻ ഔസേപ്പച്ചൻ

July 26, 2022

ഇന്നലെ റിലീസ് ചെയ്‌തപ്പോൾ മുതൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ച ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ‘ദേവദൂതർ’ എന്ന ഗാനം. ചടുലമായ നൃത്തച്ചുവടുകളുമായി കുഞ്ചാക്കോ ബോബൻ നിറഞ്ഞാടിയ ഗാനം പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തു കഴിഞ്ഞു.

രസകരമായ ചുവടുകൾ വയ്ക്കുന്ന കുഞ്ചാക്കോ ബോബനെയാണ് ഗാനത്തിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന് നേരത്തെ പുറത്തു വന്ന പോസ്റ്ററുകളും ഗാനങ്ങളുമൊക്കെ സൂചിപ്പിച്ചിരുന്നു.

ഇപ്പോൾ കുഞ്ചാക്കോ ബോബന് കൈയടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ‘ദേവദൂതർ’ എന്ന ഗാനത്തിന്റെ യഥാർത്ഥ സംഗീത സംവിധായകൻ ഔസേപ്പച്ചൻ. മമ്മൂട്ടി അഭിനയിച്ച ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ വലിയ ഹിറ്റായ ഗാനമാണിത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനായി ഈ ഗാനം വീണ്ടും റീപ്രൊഡ്യൂസ് ചെയ്യുകയായിരുന്നു.

“ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ.ആർ.റഹ്മാൻ, ഗിറ്റാർ ജോൺ ആന്റണി, ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്‌ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി.’ ഔസേപ്പച്ചൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More: മമ്മൂട്ടിയുടെ ഹിറ്റ് ഗാനത്തിന് ചുവട് വെച്ച് കുഞ്ചാക്കോ ബോബൻ; ‘ന്നാ താൻ കേസ് കൊട്’ ഗാനത്തിന്റെ വിഡിയോ പുറത്ത്

അതേ സമയം എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെക്കുറിച്ചുള്ള രസകരമായ ഒരു പത്ര വാർത്തയിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Story Highlights: Ouseppchan praise for kunchakko boban