മമ്മൂട്ടിയുടെ ഹിറ്റ് ഗാനത്തിന് ചുവട് വെച്ച് കുഞ്ചാക്കോ ബോബൻ; ‘ന്നാ താൻ കേസ് കൊട്’ ഗാനത്തിന്റെ വിഡിയോ പുറത്ത്

July 25, 2022

വ്യത്യസ്‌തമായ കഥപറച്ചിൽ രീതി കൊണ്ടും പശ്ചാത്തലം കൊണ്ടും ശ്രദ്ധേയമായ ചിത്രങ്ങളാണ് രതീഷ് ബാലകൃഷ്‌ണ പൊതുവാളുടേത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ ഒരേപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയപ്പോൾ രണ്ടാമത്തെ ചിത്രമായ ‘കനകം കാമിനി കലഹം’ ഒടിടിയിൽ ശ്രദ്ധേയമായ വിജയം കാഴ്ച്ചവെച്ചിരുന്നു. സംവിധായകന്റെ മൂന്നാമത്തെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം.

ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. “ദേവദൂതർ പാടി..” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഔസേപ്പച്ചൻ സംഗീതം നൽകി ഒ.എൻ.വി കുറുപ്പ് രചിച്ച് യേശുദാസ് ആലപിച്ച ഈ ഗാനമാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനായി റീപ്രൊഡ്യൂസ് ചെയ്‌തിരിക്കുന്നത്‌. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രസകരമായ ചുവടുകൾ വയ്ക്കുന്ന കുഞ്ചാക്കോ ബോബനെയാണ് ഗാനത്തിൽ കാണാൻ കഴിയുന്നത്. താരത്തിന്റെ വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന് നേരത്തെ പുറത്തു വന്ന പോസ്റ്ററുകളും ഗാനങ്ങളുമൊക്കെ സൂചിപ്പിച്ചിരുന്നു.

Read More: ‘നൂറ് വർഷങ്ങൾ സംഗീതം പഠിച്ചാലും നഞ്ചിയമ്മയെ പോലെ പാടാൻ കഴിയില്ല’; ദേശീയ പുരസ്‌ക്കാരത്തിൽ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി പ്രമുഖ സംഗീതജ്ഞർ

എം.എൽ.എ.യുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളനെ പട്ടി കടിച്ചതിനെക്കുറിച്ചുള്ള രസകരമായ ഒരു പത്ര വാർത്തയിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അംബാസ് രാജീവൻ എന്ന പേരിൽ അറിയപ്പെടുന്ന കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഷ്ടാവാണ് ഈ കഥാപാത്രം. വേറിട്ട ലുക്കിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്.

Story Highlights: Kunchako boban performs to mammootty song