കഠിനമായ ആർത്തവ വേദന അവഗണിക്കരുത്; എൻഡോമെട്രിയോസിസ് രോഗാവസ്ഥ പങ്കുവെച്ച് ലിയോണ ലിഷോയ്
മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ലിയോണ ലിഷോയ്. ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതും. ഇപ്പോഴിതാ,സമൂഹമാധ്യമങ്ങളിൽ സജീവമായ ലിയോണ, വളരെ പ്രയോജനപ്രദമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. രണ്ടുവർഷം മുൻപ് അനുഭവിച്ച ഒരു സ്ത്രീസംബന്ധിയായ അസുഖത്തെക്കുറിച്ചും കൃത്യമായ രോഗനിർണയത്തെക്കുറിച്ചുമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
രണ്ട് വർഷം മുമ്പ് സ്റ്റേജ് 2 എൻഡോമെട്രിയോസിസ് രോഗനിർണയത്തെക്കുറിച്ചാണ് നടി പങ്കുവയ്ക്കുന്നത്. തന്റെ കുറിപ്പിൽ, ഈ അവസ്ഥ തന്നെ മാനസികമായും ശാരീരികമായും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് പറയുന്നു. കൂടാതെ കഠിനമായ ആർത്തവ വേദന അവഗണിക്കുന്നത് നിർത്താൻ സ്ത്രീകളോട് നടി ആവശ്യപ്പെടുകയാണ്.
ലിയോണയുടെ വാക്കുകൾ;
‘ജീവിതം സുന്ദരമാണ്. അതോടൊപ്പം വേദനാജനകവുമാണ്. മിക്കപ്പോഴും, ഇത് രണ്ടും ഒരേസമയവും ഉണ്ടാകാം! എനിക്ക് എൻഡോമെട്രിയോസിസ് (സ്റ്റേജ് II) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷം. രണ്ട് വർഷത്തെ കഠിനമായ വേദനകളും സാധാരണ ജീവിതം ഏതാണ്ട് അസാധ്യമാക്കിയ എല്ലാ ചെറിയ കാര്യങ്ങളും. എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതും, ഒരു തുടർച്ചയായ പ്രക്രിയയുമാണ്. എന്നാൽ എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള അവ്യക്തതയിൽ നിന്ന് എന്റെ ശരീരത്തിലെയും മനസ്സിലെയും മാറ്റങ്ങൾ അംഗീകരിക്കുന്ന ഈ ഭയാനകമായ യാത്രയിൽ വരെ ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും എന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ. എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകൾ മനസ്സിലാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു- കഠിനമായ ആർത്തവ വേദന ശരിയല്ല, അത് സാധാരണമല്ല !! ദയവായി ഒരു ഡോക്ടറെ സമീപിക്കുക.
അതേസമയം, ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് ലിയോണ ലിഷോയ് അവസാനമായി അഭിനയിച്ചത്. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ത്രില്ലർ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
Story highlights- Leona Lishoy about endometriosis