വ്യത്യസ്‌ത വഴികളിലൂടെ നടന്ന പ്രതാപ് പോത്തൻ; വിടവാങ്ങിയത് മലയാളത്തിന്റെ സുവർണ കാലഘട്ട സിനിമകളിലെ നിറ സാന്നിധ്യം

July 15, 2022

വ്യത്യസ്‌തമായ കഥാപാത്രങ്ങളാണ് പ്രതാപ് പോത്തൻ എന്ന നടനെ വേറിട്ട് നിർത്തിയത്. കലാമൂല്യമുള്ള സമാന്തര സിനിമകളും കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന കച്ചവട സിനിമകളും മധ്യവർത്തി സിനിമകൾക്ക് വഴിമാറുന്നതാണ് മലയാള സിനിമയുടെ എഴുപതുകളുടെ അവസാനം തൊട്ട് കണ്ട് തുടങ്ങിയത്. കലാമൂല്യവും വലിയ ജനപ്രീതിയും ഒരേ പോലെ ഉണ്ടായിരുന്ന ചിത്രങ്ങളായിരുന്നു മധ്യവർത്തി സിനിമകൾ. ഈ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു പ്രതാപ് പോത്തൻ എന്ന നടൻ.

മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്നറിയപ്പെട്ട ഈ സമയത്താണ് പ്രതാപ് പോത്തൻ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചെന്നൈയിലെ മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ കലയോടും സാഹിത്യത്തോടും വലിയ കമ്പമായിരുന്നു നടനുള്ളത്. ദ് മദ്രാസ് പ്ലെയേഴ്സ് എന്ന ഇംഗ്ലീഷ് നാടക ഗ്രൂപ്പിന്റെ നാടകങ്ങളിലൂടെയാണ് പ്രതാപ് പോത്തൻ ഒരു നടനായി അരങ്ങേറുന്നത്.

ആന്‍ഡ്രോക്കിള്‍സ് ആന്‍ഡ് ദ് ലയണ്‍ എന്ന നാടകത്തിൽ അഭിനയിക്കുന്ന വേളയിലാണ് പ്രശസ്‌ത സംവിധായകൻ ഭരതൻ പ്രതാപ് പോത്തനെ ശ്രദ്ധിക്കുന്നത്. ‘ആരവം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഭരതൻ നടനെ ക്ഷണിക്കുകയായിരുന്നു. എപ്പോഴും കോഴിയെ എടുത്തു കൊണ്ട് നടക്കുന്ന കഥാപാത്രമായ കൊക്കരക്കോയായി പ്രതാപ് പോത്തൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഭരതൻ, പത്മരാജൻ, ജോൺ പോൾ എന്നിവരുടെ ചിത്രങ്ങളിലാണ് പ്രതാപ് പോത്തന് ഏറ്റവും മികച്ച കഥാപാത്രങ്ങളെ ലഭിച്ചത്. തകരയിലെയും ആരവത്തിലേയുമൊക്കെ കഥാപാത്രങ്ങൾ ശ്രദ്ധേയമായതോടെ നടന് തമിഴിലും അവസരങ്ങൾ ലഭിച്ചു തുടങ്ങി. എൺപതുകളിൽ ഒരുപക്ഷെ മലയാളത്തിനേക്കാളേറെ പ്രതാപ് പോത്തന് തമിഴിലാണ് അവസരം ലഭിച്ചത്.

അഭിനയത്തോടൊപ്പം തന്നെ സംവിധാനത്തിലും താല്പര്യമുണ്ടായിരുന്ന പ്രതാപ് പോത്തൻ 1985 ൽ ആദ്യ സിനിമ സംവിധാനം ചെയ്‌തു. ‘മീണ്ടും ഒരു കാതൽ കഥൈ’ എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പിന്നീട് കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്‌ത വെട്രിവിഴയും മികച്ച വിജയം നേടി.

മലയാളത്തിൽ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്‌ത പ്രതാപ് പോത്തന്റെ ആദ്യ ചിത്രം ഋതുഭേദമായിരുന്നു. ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി മലയാളത്തിൽ പുറത്തു വന്നു. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ഇന്ത്യൻ സിനിമയിലെ ഇതിഹാസം ശിവാജി ഗണേശനും ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഒരു യാത്രാമൊഴി.

വ്യത്യസ്‌തമായ വഴികളിലൂടെ നടന്നു ശീലിച്ച പ്രതാപ് പോത്തൻ അഭിനയ രംഗത്തെ തന്റെ ഇമേജ് പൂർണമായും ബ്രേക്ക് ചെയ്‌ത്‌ അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ച ഒരു ചിത്രമായിരുന്നു ആഷിക്ക് അബു സംവിധാനം ചെയ്‌ത 22 ഫീമെയിൽ കോട്ടയം. പ്രേക്ഷകരെ വിസ്‌മയിപ്പിച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ച്ചവെച്ചത്. പ്രതാപ് പോത്തന് വലിയ കൈയടി നേടിക്കൊടുത്ത വില്ലൻ കഥാപാത്രമായിരുന്നു ചിത്രത്തിലേത്.

Read More: പ്രതാപ് പോത്തൻ അന്തരിച്ചു

അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലും പ്രതാപ് പോത്തൻ വലിയ പ്രശംസ നേടിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇനിയും ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.

Story Highlights: Malayalam cinema mourns the loss of prathap pothan