ജീവിതയാത്രയ്ക്കിടെ ഭർത്താവിനെയും രണ്ടു മക്കളെയും നഷ്ടമായി; മുളങ്കമ്പ് വീട്ടിൽ നിന്നും രാഷ്‌ട്രപതി ഭവനിലേക്ക് എത്തുന്ന ദ്രൗപതി മുർമു

July 22, 2022

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ദ്രൗപതി മുർമു. ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്ക് യശ്വന്ത് സിൻഹയ്‌ക്കെതിരെയാണ് അവർ മത്സരിച്ചത്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ റൈരംഗ്പൂരിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപതി മുർമു. തന്റെ കഠിനാധ്വാനം കൊണ്ട് ഒഡീഷയുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ശക്തയായ വനിതയാണ് ദ്രൗപതി മുർമു. 2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ദ്രൗപതി മുർമു ഏറ്റവും ഉയർന്ന പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസി വംശജയും രണ്ടാമത്തെ വനിതയുമായി ശ്രദ്ധനേടുകയാണ്.

വളരെയധികം പ്രതിസന്ധികളും നഷ്ടങ്ങളും ജീവിതത്തിൽ അഭിമുഖീകരിച്ച വ്യക്തിയാണ് ദ്രൗപതി മുർമു. 1958 ജൂൺ 20-ന് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബെഡ ഗ്രാമത്തിൽ ബിരാഞ്ചി നാരായൺ ടുഡുവിന്റെ മകളായി സന്താലി ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപതി മുർമു ജനിച്ചത്. ദ്രൗപതിയുടെ അച്ഛനും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴിലുള്ള ഗ്രാമത്തലവന്മാരായിരുന്നു.

ദ്രൗപതി മുർമു ഒരു ബാങ്കറായ ശ്യാം ചരൺ മുർമുവിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളുമായിരുന്നു ജനിച്ചത്. എന്നാൽ 2014ൽ ദ്രൗപതിക്ക് ഭർത്താവിനെ നഷ്ടമായി. പിന്നീട് രണ്ട് ആൺ മക്കളെയും നഷ്ടപ്പെട്ടു. നിർഭാഗ്യവശാൽ, എല്ലാം 2010 ൽ ദമ്പതികൾ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നതിനിടെ ശ്യാമിനും ദ്രൗപതിക്കും അവരുടെ ഒരു മകനെ ദുരൂഹമായ സാഹചര്യത്തിൽ നഷ്ടപ്പെട്ടു. മൂന്ന് വർഷത്തിന് ശേഷം, 2013 ൽ അവരുടെ മറ്റൊരു മകനും വാഹനാപകടത്തിൽ മരിച്ചു. ദ്രൗപതിക്കും ശ്യാമിനും ഇത് ശരിക്കും ആഘാതമായിരുന്നു. 2014ലാണ് ദ്രൗപതിക്ക് ഭർത്താവിനെയും നഷ്ടമായത്.മകളാണ് ഇതിശ്രീ മുർമു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ദ്രൗപതി മുർമു സ്കൂൾ അധ്യാപികയായിരുന്നു. റായ്‌രംഗ്‌പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസറായും ഒഡീഷ സർക്കാരിന്റെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും മുർമു പിന്നീട് പ്രവർത്തിച്ചു.

1997 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ദ്രൗപതി മുർമു, റൈരംഗ്പൂർ നഗർ പഞ്ചായത്തിന്റെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2000-ൽ റൈരംഗ്പൂർ നഗർ പഞ്ചായത്തിന്റെ ചെയർപേഴ്‌സണായി, ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2015 മെയ് 18ന് ജാർഖണ്ഡ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദ്രൗപതി മുർമു ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായി. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ട ഒഡീഷയിൽ നിന്നുള്ള ആദ്യത്തെ വനിതാ ഗോത്ര നേതാവായിരുന്നു അവർ.

Read Also: ഇരുപതുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവർ; കെഎസ്ആർടിസി ബസിൽ ഒന്നിച്ച് ജോലിയും- ഉള്ളുതൊട്ടൊരു പ്രണയകഥ

മുളങ്കമ്പ് കൊണ്ട് തീർത്ത വീട്ടിൽ നിന്നുമാണ് ദ്രൗപതി മുർമുവിന്റെ വിജയകരമായ യാത്ര ആരംഭിച്ചത്. ഇന്നവർ രാഷ്‌ട്രപതി ഭവനിൽ എത്തി നിൽക്കുമ്പോൾ ഒരുപാട് ചരിത്രങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്.

Story highlights- Lifestory of India’s First Tribal Female President droupathi murmu