വിക്രത്തിന് ശേഷം ‘ദളപതി 67’; വിജയ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകുന്നുവെന്ന് ലോകേഷ് കനകരാജ്, പ്രഖ്യാപനം ഉടൻ

July 31, 2022

തമിഴ് സിനിമയിലെ ഏറ്റവും വില പിടിപ്പുള്ള സംവിധായകനാണ് ഇന്ന് ലോകേഷ് കനകരാജ്. കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളിലൂടെ തന്റേതായ ഒരു സിനിമാറ്റിക് ലോകം സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന ലോകേഷ് പ്രേക്ഷകർ ഇന്ന് ഏറെ പ്രതീക്ഷയോടെ കാണുന്ന സംവിധായകൻ കൂടിയാണ്. സിനിമ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളെ ഒരേ ചിത്രത്തിൽ ഒരുമിച്ച് അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ സിനിമകൾ ചെയ്യാൻ ഇന്ന് ലോകേഷിനോളം കഴിവുള്ള സംവിധായകർ കുറവാണ്.

ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ഒരുങ്ങുകയാണ് ലോകേഷ് കനകരാജ്. ആരാധകർ ഏറെ കാത്തിരിക്കുന്ന സൂപ്പർ താരം വിജയിയുടെ ‘ദളപതി 67’ ലോകേഷാണ് ഒരുക്കുന്നത്. കഴിഞ്ഞ 10 ദിവസമായി വിജയ് ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു താനെന്നാണ് സംവിധായകൻ പറയുന്നത്. അധികം വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

കൊവിഡിന് ശേഷം തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ലോകേഷ് സംവിധാനം ചെയ്‌ത കമൽ ഹാസന്റെ ‘വിക്രം.’ പ്രതിസന്ധിയിലായിരുന്ന തിയേറ്റർ വ്യവസായത്തിന് ഒരു പുതിയ ഉണർവാണ് വിക്രം നൽകിയത്. ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറ്റവും മികച്ച ഒരു സിനിമാനുഭവമായി മാറുകയായിരുന്നു ‘വിക്രം.’ പല ബോളിവുഡ് ചിത്രങ്ങളുടെ വിജയത്തെയും വിക്രത്തിന്റെ ബോക്‌സോഫീസ് തേരോട്ടം ബാധിച്ചിരുന്നു.

Read More: ടൊവിനോയുടെ തകർപ്പൻ ഡാൻസ്; തല്ലുമാലയിലെ വിഡിയോ സോങ് റിലീസ് ചെയ്‌തു

കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ടായിരുന്നു. വമ്പൻ വിജയമാണ് തിയേറ്ററുകളിൽ ചിത്രം നേടിയത്. തിയേറ്ററുകളിലെ വിജയത്തേരോട്ടത്തിന് ശേഷം വിക്രം ഒടിടിയിൽ റിലീസ് ചെയ്‌തിരുന്നു. ഡിസ്‌നി-ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്‌തത്‌.

Story Highlights: Lokesh kanakaraj confirms vijay film