“മലയാളി പൊളിയല്ലേ..”; വെസ്റ്റ് ഇൻഡീസുകാരെ ‘ലജ്ജാവതിയേ..’ കേൾപ്പിച്ച മലയാളി ഇവിടെയുണ്ട്..
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ സഞ്ജു സാംസൺ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഗാലറിയിൽ നിന്ന് മലയാളം ഗാനമായ ‘ലജ്ജാവതിയേ..’ മുഴങ്ങുന്നതിൻറെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകർക്ക് പ്രത്യേകിച്ച് മലയാളി ആരാധകർക്ക് കൗതുകമായി മാറിയ ഒരു സംഭവമായിരുന്നു ഇത്. ഇംഗ്ലീഷ് ഗാനങ്ങൾക്കിടയിൽ ജാസ്സി ഗിഫ്റ്റിന്റെ മലയാളം ഗാനം വന്നതെങ്ങനെയെന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്.
ഇപ്പോൾ സംഭവത്തതിന് പിന്നിൽ ഒരു മലയാളി തന്നെയായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. സിബി ഗോപാലകൃഷ്ണൻ എന്നയാളാണ് ഗാലറിയിൽ സംഗീതത്തിൻറെ മേൽനോട്ടം ഉണ്ടായിരുന്ന ഡിജെയ്ക്ക് മലയാള ഗാനങ്ങൾ കൈമാറുന്നത്. ബംഗ്ലാദേശ് ‘എ’ ക്രിക്കറ്റ് ടീമിന്റെ ലൈസൺ ഓഫീസറാണ് അദ്ദേഹം. ബംഗ്ലാദേശിന്റെ പര്യടനവുമായി ബന്ധപ്പെട്ട് വെസ്റ്റ് ഇൻഡീസിലെത്തിയ അദ്ദേഹത്തിന്റെ മനസ്സിലാണ് ഇത്തരത്തിൽ രസകരമായ ഒരു സംഭവത്തിന്റെ ആശയം ഉണ്ടാവുന്നത്.
ഗാനങ്ങൾ നൽകിയപ്പോൾ തന്നെ ഡിജെ അത് പ്ളേ ചെയ്യാൻ തയ്യാറാവുകയായിരുന്നു എന്നാണ് സിബി ഗോപാലകൃഷ്ണൻ പറയുന്നത്. ജാസ്സി ഗിഫ്റ്റിന്റെ നാല് ഗാനങ്ങൾ നൽകിയപ്പോൾ അതിലേതെങ്കിലും ഒന്നെങ്കിലും പ്ളേ ചെയ്യണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
എന്നാൽ ഡിജെയ്ക്ക് എല്ലാ ഗാനങ്ങളും ഇഷ്ടമായെന്നും മൂന്നോളം ഗാനങ്ങൾ പല തവണയായി ആവർത്തിച്ച് പ്ളേ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സംഗീതജ്ഞർക്ക് പോലും ഇഷ്ടമാവുന്ന രീതിയിലുള്ള ഗാനങ്ങൾ ഒരുക്കിയ ജാസ്സി ഗിഫ്റ്റിന് ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More: “കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ
അതേ സമയം വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ മുതൽ മികച്ച വരവേൽപ്പാണ് സഞ്ജുവിന് വെസ്റ്റ് ഇൻഡീസിലെ മലയാളികൾ നൽകുന്നത്. വെസ്റ്റ് ഇൻഡീസിലെ ആദ്യ മലയാളി അനുഭവം പങ്കുവെച്ച സഞ്ജുവിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. എയർപോർട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ “കപ്പയും മീനും വേണോ..” എന്ന ചോദ്യമാണ് താൻ കേട്ടതെന്നാണ് സഞ്ജു പറയുന്നത്. ചോദ്യം ചോദിച്ചയാളോടൊപ്പം ഇരുന്നുള്ള വിഡിയോയിലാണ് സഞ്ജു രസകരമായ സംഭവം പങ്കുവെച്ചത്.
Story Highlights: Malayali behind playing lajjavathiye song in west indies