കടുവ ദിനത്തിൽ ചിത്രം പങ്കുവെച്ച് മമ്മൂട്ടി; നിങ്ങളാണ് യഥാർത്ഥ കടുവയെന്ന് ആരാധകർ
ഇന്നാണ് ലോക കടുവ ദിനം. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ആളുകളെയും സംഘടനകളെയും സർക്കാരുകളെയും ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ 2010 മുതലാണ് കടുവ ദിനം ആചരിച്ച് തുടങ്ങിയത്. ഏകദേശം തൊണ്ണൂറ്റിയഞ്ച് ശതമാനം കടുവകളും കഴിഞ്ഞ 150 വർഷങ്ങളിലായി ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായി എന്നാണ് വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയാണ് എന്ന് ആളുകളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് കടുവ ദിനം ആചരിച്ച് തുടങ്ങിയത്.
ഇപ്പോൾ കടുവ ദിനത്തിൽ നടൻ മമ്മൂട്ടി പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. സ്റ്റൈലൻ ലുക്കിലുള്ള ഒരു ചിത്രമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ഹാപ്പി ടൈഗർ ഡേ’ എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചത്.
പങ്കുവെച്ച് വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ ചിത്രം വൈറലായി മാറുകയായിരുന്നു. ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. നിങ്ങളല്ലേ യാഥാർത്ഥ കടുവയെന്നാണ് ചില ആരാധകർ കമന്റ്റ് ചെയ്തത്. നിങ്ങൾ പുലിയല്ല, സിംഹമാണ് എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. ഏതായാലും ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അതേ സമയം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായെത്തുന്നത്. ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എറണാകുളത്തും വണ്ടിപ്പെരിയാറിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ഒരു ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് നടൻ വിനയ് റായ് ആണ് വില്ലനായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Story Highlights: Mammootty pic goes viral