‘നിങ്ങളുടെ ഏറ്റവും വലിയ ആരാധികയ്ക്കൊപ്പമുള്ള ചിത്രം’- ധനുഷിന് പിറന്നാൾ ആശംസിച്ച് മംമ്ത മോഹൻദാസ്

നടൻ ധനുഷ് ഇന്ന് മുപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള നടന്റെ ആരാധകരും സുഹൃത്തുക്കളും ജന്മദിനാശംസകൾ അറിയിക്കുകയാണ്. നടിയും ഗായികയുമായ മംമ്ത മോഹൻദാസ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നടന് പിറന്നാൾ ആശംസകൾ നേർന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് താനും അമ്മയും ധനുഷിനൊപ്പം എടുത്ത ചിത്രങ്ങൾ പങ്കുവെച്ചാണ് മംമ്ത മോഹൻദാസ് പിറന്നാൾ ആശംസകൾ കുറിച്ചിരിക്കുന്നത്- “ഇതാ, സ്വപ്നങ്ങൾ കാണുന്നതിനും അത് സാക്ഷാത്കരിക്കുന്നതിനും മടി കാണിക്കാത്ത ഡാൻ-ബോയ്യ്ക്ക് പിറന്നാൾ ആശംസിക്കുന്നു .. തീർച്ചയായും, നമ്മുടെ ചിത്രത്തിന് മുൻപ് നിങ്ങളുടെ ഏറ്റവും വലിയ ആരാധികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുന്നു’.- മംമ്ത കുറിക്കുന്നു.
നടി മഞ്ജു വാര്യരും ധനുഷിന് ആശംസകൾ അറിയിച്ചു.ഹോളിവുഡ് ചിത്രമായ ‘ദി ഗ്രേ മാൻ’ ആണ് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം. റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ്, അന ഡി അർമാസ്, ജെസ്സിക്ക ഹെൻവിക്ക്, റെഗെ-ജീൻ പേജ്, ധനുഷ്, വാഗ്നർ മൗറ, ജൂലിയ ബട്ടേഴ്സ്, ആൽഫ്രെ വുഡാർഡ്, ബില്ലി ബോബ് തോൺടൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.
തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് ധനുഷ്. പതിനെട്ട് വര്‍ഷത്തോളമായി ചലച്ചിത്രാസ്വാദകര്‍ക്ക് ധനുഷ് പ്രിയതാരമായി മാറിയിട്ട്. 2003-ല്‍ പ്രേക്ഷകരിലേക്കെത്തിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ സിനിമാ രംഗത്തേക്കുള്ള പ്രവേശനം.
Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് കാതല്‍ കൊണ്ടേന്‍. അമേരിക്കന്‍ സൈക്കോളജിക്കല്‍ ത്രില്ലറായ ഫിയറിന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം. കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. യുവാന്‍ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. സോണിയ അഗര്‍വാളായിരുന്നു ചിത്രത്തിലെ നായിക.
Story highlights- mamta mohandas sends birthday wishes to dhanush