‘മേലെ പൂമല’ പാട്ടുപാടി അത്ഭുതപ്പെടുത്തി മിയക്കുട്ടി; പ്രശംസകൊണ്ട് മൂടി പാട്ട് വേദി
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെത്തി പാട്ടുകൾ പാടി ഒരുപാട് ആരാധകരെ നേടിയെടുത്ത കുഞ്ഞുഗായികയാണ് മിയ മെഹക്. പ്രായത്തെ വെല്ലുന്ന പ്രകടനംകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനംനേടിയ മിയക്കുട്ടി മറ്റൊരു മനോഹര പാട്ടുമായി എത്തുകയാണ് ഈ വേദിയിൽ. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ‘മേലെ പൂമല താഴെ തേനല കാറ്റേ വാ…’ എന്ന പാട്ടാണ് ഈ കുഞ്ഞുമോൾ വേദിയിൽ ആലപിച്ചിരിക്കുന്നത്. കെ ജെ യേശുദാസും സബിത ചൗധരിയും ചേർന്നാലപിച്ച ഗാനം അതിഗംഭീരമായാണ് മിയക്കുട്ടി പാട്ട് വേദിയിൽ ആലപിക്കുന്നത്.
വളരെ മിടുക്കിക്കുട്ടിയായി വേദിയിൽ എത്തിയ മിയ മെഹക് മദനോത്സവം എന്ന ചിത്രത്തിലെ ഈ ഗാനം പാടുമ്പോൾ നിറഞ്ഞ് കൈയടിക്കുകയാണ് പാട്ട് വേദി. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് സലീൽ ചൗധരി സംഗീതം നൽകിയ ഗാനം കൃത്യമായ ഫീലോടുകൂടെയും ഭാവത്തോടുകൂടിയും പാട്ട് പാടുന്ന മിയക്കുട്ടിക്ക് നൂറിൽ നൂറ് മാർക്കും നൽകുന്നുണ്ട് പാട്ട് വേദിയിലെ വിധികർത്താക്കൾ.
പാട്ടിന് ശേഷം സരസമായ സംഭാഷണങ്ങൾക്കൊണ്ടും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട് ഈ കുഞ്ഞുമോൾ. പാട്ടുവേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് മിയക്കുട്ടി. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ പലപ്പോഴും മുതിർന്നവരെപ്പോലും ഞെട്ടിക്കുന്ന പാട്ടുകളുമായാണ് ഈ വേദിയിൽ എത്താറുള്ളത്. നേരത്തെ ഗായകൻ എംജി ശ്രീകുമാറിനൊപ്പം പാട്ടുകൾ പാടിയും ഈ കുഞ്ഞുമോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ആലാപനത്തിലൂടെ ഇതിനോടകം പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയ ഈ കുരുന്നിന്റെ പാട്ടിന് ആരാധകരും ഏറെയാണ്.
മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം ഒരുക്കിയ ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിലേക്കുള്ള ഓഡിഷൻ ആരംഭിച്ചുകഴിഞ്ഞു. പാട്ടുപാടാനും സരസമായി സംസാരിക്കാനും കഴിവുള്ള അഞ്ചു വയസിനും പതിനാല് വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഫ്ളവേഴ്സ് ടോപ് സിംഗറിൽ അവസരം ലഭിക്കുക. കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന കുരുന്നുകൾക്കാണ് ഫ്ളവേഴ്സ് ടോപ് സിംഗർ മൂന്നാം സീസണിൽ പങ്കെടുക്കാൻ സാധിക്കുക. ജൂലൈ 7 മുതലാണ് ഓഡിഷൻ ആരംഭിച്ചിരിക്കുന്നത്.
Story highlights: Miah Mele Poomala’s excellent performance