അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു..- പുത്തൻ ചിത്രത്തിന്റെ വിശേഷവുമായി ആന്റണി വർഗീസ്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ മലയാളസിനിമയിൽ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു. ഈ സിനിമയിലൂടെയാണ് വിൻസെന്റ് പെപ്പെ എന്ന കഥാപാത്രമായെത്തി ആന്റണി വർഗീസ് അഭിനയലോകത്ത് ചുവടുറപ്പിച്ചതും. ‘അങ്കമാലി ഡയറീസ്’ ആന്റണി വർഗീസിന്റെ കരിയറിൽ മികച്ച തുടക്കമാണ് നൽകിയത്. വാരിവലിച്ച് ചിത്രങ്ങൾ ചെയ്യുന്ന പതിവ് ആന്റണിക്ക് ഇല്ല. എന്നാൽ ആദ്യചിത്രം മുതൽ ഇങ്ങോട്ട് അടിപിടി ചിത്രങ്ങളാണ് നടൻ ചെയ്തത്.
ഇപ്പോഴിതാ, അതിൽ നിന്നും ഒരു മാറ്റം വന്നിരിക്കുകയാണ്. ഒരു റൊമാന്റിക് ചിത്രത്തിൽ വേഷമിടുകയാണ് താരം. ‘അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു.. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തെ?’ എന്ന കുറിപ്പിനൊപ്പമാണ് ആന്റണി വർഗീസ് പുത്തൻ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ‘ഓ മേരി ലൈല’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക്പോസ്റ്റർ നടൻ പങ്കുവെച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ ആന്റണി വർഗീസ്, അപ്പാനി ശരത്, അന്ന രാജൻ, ടിറ്റോ വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമയിലെ ശ്രദ്ധേയനായ യുവനടന്മാരിൽ ഒരാളാണ് ആന്റണി വർഗീസ് പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരിയുയ്ക്കൊപ്പം ‘ജല്ലിക്കട്ട്’ എന്ന സിനിമയിലും ആന്റണി വർഗീസ് വേഷമിട്ടിരുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലാണ് ആന്റണി വർഗീസ് ഏറ്റവും ഒടുവിൽ വേഷമിട്ടത്.
Read Also; തീയിലിട്ടാലും ഉരുകില്ല; വേറിട്ടൊരു ചൈനീസ് ഐസ്ക്രീം- വിഡിയോ
ആന്റണി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദേവ് ഫക്കീർ’. ഹനീഫ് അദേനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹനീഫ് അദേനിയും ബാദുഷയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാക് ഹാരിസാണ് ദേവ് ഫക്കീർ സംവിധാനം ചെയ്യുന്നത്. ഹനീഫ് അദേനിയുടെ തന്നെയാണ് തിരക്കഥ.
Story highlights- oh meri laila first look poster