എസ്തറിന്റെ ഇരുണ്ട ഭൂതകാലവുമായി ‘ഓർഫൻ’ സിനിമയുടെ രണ്ടാം ഭാഗം- ‘ഓർഫൻ: ഫസ്റ്റ് കിൽ’ ട്രെയ്‌ലർ

July 19, 2022

2009 ൽ റിലീസ് ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഓർഫൻ. 9 വയസ്സുള്ള ഒരു പെൺകുട്ടിയെ ഒരു ദമ്പതികൾ ദത്തെടുക്കുകയും പിന്നീട് അത് കുട്ടിയല്ല, 33 വയസ്സുള്ള സ്ത്രീയാണെന്നും സൈക്കോ കില്ലർ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നതായിരുന്നു ചിത്രം. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്.

ഒരു അപൂർവ ഹോർമോൺ ഡിസോർഡറിനെ തുടർന്ന് ശാരീരിക വളർച്ച മുരടിച്ച എസ്തർ എന്ന പെൺകുട്ടിയായിരുന്നു ചിത്രത്തിന്റെ കേന്ദ്രകഥാപാത്രം. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം എസ്തർ തിരിച്ചെത്തിയിരിക്കുകയാണ്. എസ്തറിനെ ആ കുടുംബം ദത്തെടുക്കുന്നതിന് മുമ്പുള്ള ജീവിതം രേഖപ്പെടുത്തുന്ന ‘ഓർഫൻ: ഫസ്റ്റ് കിൽ’ എന്ന സിനിമയുടെ പ്രീക്വൽ ട്രെയിലർ എത്തി. എസ്തർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇസബെൽ ഫുർമെൻ തന്നെയാണ്.

അമേരിക്കൻ ദമ്പതികളുടെ എസ്തർ എന്ന മകളെ കാണാതായിട്ട് 4 വർഷമായി. പിന്നീട് കുട്ടിയെ കണ്ടെത്തി. എന്നാൽ താമസിയാതെ, കുട്ടിയിൽ എന്തോ പ്രത്യേകത ഉണ്ടെന്ന് മാതാപിതാക്കൾ മനസ്സിലാക്കി. എസ്തർ എങ്ങനെയാണ് മുഴുവൻ കുടുംബത്തെയും കൊല്ലുകയും അവരുടെ വീടിന് തീയിടുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ് രണ്ടാം ഭാഗം പങ്കുവയ്ക്കുന്നത്. ട്രെയിലറിൽ ഈ രംഗങ്ങൾ കാണാം.

Read Also: ഇത് ഡയറക്ടർ മോഹൻലാൽ; ബറോസിന്റെ മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

13 വർഷം മുമ്പാണ് ഭയപ്പെടുത്തുന്ന ഈ സിനിമ പുറത്തിറങ്ങിയത്. ലോകശ്രദ്ധനേടിയ ചിത്രത്തിന്റെ പ്രീക്വൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അവിശ്വസനീയമായ അന്തരീക്ഷവും ഭയാനകമായ പ്ലോട്ട് ട്വിസ്റ്റുകളും കൊണ്ട് അമ്പരപ്പിച്ച ആദ്യഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിലും ആളുകൾക്ക് പ്രതീക്ഷയുണ്ട്. ചിത്രം ഈ വർഷം ഓഗസ്റ്റ് 19-ന് റിലീസ് ചെയ്യും.

Story highlights- ORPHAN: FIRST KILL Official Trailer