ഇത് ഡയറക്ടർ മോഹൻലാൽ; ബറോസിന്റെ മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

July 19, 2022

മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്.’ മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ഷൂട്ട് ചെയ്ത പല സീനുകളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഒരു മേക്കിങ് വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ലോകോത്തര നിലവാരമുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ ടെക്‌നിക്ക് ബറോസിലും പരീക്ഷിക്കുന്നുണ്ട്. ഒരു ഇൻറ്റർനാഷണൽ പ്ലാറ്റ്ഫോമിലായിരിക്കും ചിത്രം അവതരിപ്പിക്കുകയെന്ന് മോഹൻലാൽ അടുത്തിടെ പറഞ്ഞിരുന്നു.

നേരത്തെ മുതൽ തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മോഹൻലാൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അതൊക്കെ ആരാധകരും പ്രേക്ഷകരും വലിയ രീതിയിൽ ഏറ്റെടുത്തിട്ടുമുണ്ട്. മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ പങ്കുവെച്ച മേക്കിങ് വിഡിയോയും ശ്രദ്ധേയമായി മാറുകയാണ്.

Read More: “ഈ സിനിമയുടെ ഓരോ ശ്വാസത്തിലും അദ്ദേഹം ആനന്ദം അനുഭവിക്കുകയായിരുന്നു”; ഓളവും തീരവും ചിത്രത്തിന് പായ്‌ക്കപ്പായി, വിഡിയോ പങ്കുവെച്ച് ഹരീഷ് പേരടി

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് തുടക്കത്തിൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ‘ആടുജീവിതം’ അടക്കമുള്ള ചിത്രങ്ങളുടെ ഡേറ്റ് പ്രശ്നങ്ങൾ ഉള്ളത് കാരണം പൃഥ്വിരാജിന് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു.

Story Highlights: Barroz making glimpse