“ഈ സിനിമയുടെ ഓരോ ശ്വാസത്തിലും അദ്ദേഹം ആനന്ദം അനുഭവിക്കുകയായിരുന്നു”; ഓളവും തീരവും ചിത്രത്തിന് പായ്‌ക്കപ്പായി, വിഡിയോ പങ്കുവെച്ച് ഹരീഷ് പേരടി

July 18, 2022

എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ ഒരുക്കുന്ന ‘ഓളവും തീരവും’ എന്ന മോഹൻലാൽ ചിത്രത്തിന് പായ്‌ക്കപ്പായി. എംടി വാസുദേവൻ നായരുടെ കഥകളെ ആസ്‌പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ഒരു ചിത്രമാണ് ഓളവും തീരവും. ഇന്ത്യൻ സാഹിത്യത്തിലെ ഇതിഹാസമായ ജ്ഞാനപീഠ ജേതാവായ എംടി വാസുദേവൻ നായർക്കുള്ള സമർപ്പണമാണ് ചിത്രം.

ചിത്രത്തിന് പായ്‌ക്കപ്പായ ഈ വേളയിൽ ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ ഹരീഷ് പേരടി. ചിത്രത്തിൽ കുഞ്ഞാലി എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. ഒപ്പം തന്റെ ഫേസ്ബുക് പോസ്റ്റിൽ പ്രിയദർശനെ പറ്റി അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി മാറുകയാണ്.

പ്രിയദർശൻ സാറിന് ഇത് അദ്ദേഹത്തിന്റെ സ്വപ്‌നം പൂർത്തീകരിച്ച നിമിഷമായിരുന്നുവെന്നും അദ്ദേഹത്തിന്റെ കണ്ണുകളിൽ ആ സ്നേഹത്തിന്റെ നനവുണ്ടായിരുന്നുവെന്നും പറയുകയാണ് ഹരീഷ് പേരടി. മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഓരോ ശ്വാസത്തിലും അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നുവെന്നും ഈ പായ്‌ക്കപ്പ് പറച്ചിൽ ഒരു ചരിത്ര മുഹൂർത്തമായിരുന്നുവെന്നും ഹരീഷ് കൂട്ടിച്ചേർത്തു.

പ്രിയദർശൻ ചിത്രത്തിന് പായ്‌ക്കപ്പ് പറയുന്ന വിഡിയോയും ഹരീഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണമൂർത്തിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ ചിത്രത്തിൽ ഉഷ നന്ദിനി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ദുർഗ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മി, വിനോദ്‌ കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ്‌ കുളൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More: ഇത് പോലൊരു സിനിമ എടുക്കാൻ കഴിയണേയെന്ന് പ്രിയദർശൻ പ്രാർത്ഥിച്ചു; അര നൂറ്റാണ്ടിനിപ്പുറം അതേ സിനിമ ചിത്രീകരിച്ച് സംവിധായകൻ

സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

Story Highlights: Hareesh peradi shares olavum theeravum pack up video