ഒരു മണിരത്നം മാജിക്ക്; ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആദ്യ ഭാഗത്തിന്റെ ടീസർ എത്തി

മണിരത്നം എന്ന ഇതിഹാസ സംവിധായകന്റെ സ്വപ്ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 1980 കളിൽ തൊട്ട് ചിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ. ഒടുവിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.
ഒരു പക്ഷെ ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവുമോയെന്നത് സംശയമാണ്. ലോക സിനിമയിലെ തന്നെ പ്രശസ്ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങുന്ന ചിത്രം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവച്ചിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.
നേരത്തെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രത്തിന്റെയും കാർത്തിയുടെയും ഐശ്വര്യ റായിയുടെയും തൃഷയുടെയും ജയം രവിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.
കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്. മണിരത്നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചരിക്കുന്നത്.
Story Highlights: Ponniyin selvan part 1 teaser released