കുമ്പളങ്ങിക്കും ജോജിക്കും ശേഷം ‘പാൽതു ജാൻവർ’; കൗതുകമുണർത്തി ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ-ശ്യാം പുഷ്ക്കരൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ

July 8, 2022

കാത്തിരിപ്പിന് ശേഷം മലയാളത്തിലെ ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും ആവർത്തിക്കുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘പാൽതു ജാൻവർ’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു. സംവിധായകൻ കൂടിയായ ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സംഗീത് പി രാജനാണ്.

ഫഹദും ശ്യാം പുഷ്ക്കരനും നിർമ്മാതാക്കളായി മാത്രം ചിത്രത്തിലേക്കെത്തുമ്പോൾ ദിലീഷ് പോത്തൻ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ കൂടി അവതരിപ്പിക്കുന്നുണ്ട്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിനും ജോജിക്കും ശേഷം ഈ കൂട്ടുകെട്ടിൽ നിന്നുള്ള മറ്റൊരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഫേസ്ബുക് ലൈവ് വിഡിയോയിൽ മൂവരും ഒരുമിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സംവിധായകൻ സംഗീതും മൂവർക്കുമൊപ്പമുണ്ടായിരുന്നു. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read More: താരസമ്പന്നമായ മറ്റൊരു ചിത്രമൊരുങ്ങുന്നു; ‘പുഷ്‌പ 2’ വിൽ ഫഹദിനും അല്ലുവിനുമൊപ്പം വിജയ് സേതുപതി അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

അതേ സമയം അന്താരാഷ്ട്ര തലത്തിലും വലിയ അംഗീകാരങ്ങൾ നേടിയെടുത്ത ചിത്രമായിരുന്നു ‘ജോജി.’ ഷേക്‌സ്‌പിയറിന്റെ ‘മാക്ബെത്’ എന്ന വിഖ്യാത ദുരന്ത നാടകത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അടക്കം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ദിലീഷ് പോത്തന് മികച്ച സംവിധായകനും ശ്യാം പുഷ്ക്കരന് മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌ക്കാരങ്ങൾ നേടികൊടുത്തതും ജോജി തന്നെയാണ്.

Story Highlights: Bhavana studios next film motion poster