“യുവാക്കൾ കണ്ടിരിക്കേണ്ട ചിത്രം..”; റോക്കട്രിക്ക് വലിയ പ്രശംസയുമായി രജനികാന്ത്

July 6, 2022

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമിക്കപ്പെട്ട ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്.’ മലയാളി കൂടിയായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി’ പ്രഖ്യാപനം ഉണ്ടായ നാൾ മുതൽ സിനിമ ലോകം കാത്തിരുന്ന ചിത്രം കൂടിയായിരുന്നു. നമ്പി നാരായണന്റെ 27 വയസ്സു മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

ഇപ്പോൾ ചിത്രത്തിന് വലിയ പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് റോക്കട്രിയെന്നാണ് താരം പറയുന്നത്. യുവാക്കൾ പ്രത്യേകിച്ചും ചിത്രം കാണണമെന്നും നിരവധി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിച്ച നമ്പി നാരായണന്റെ ജീവിതം ഏറ്റവും മികച്ച രീതിയിലാണ് നടൻ മാധവൻ വെള്ളിത്തിരയിലെത്തിച്ചതെന്നും രജനികാന്ത് കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു താരത്തിന്റെ പ്രതികരണം.

രജനികാന്തിന്റെ ട്വീറ്റിനോടുള്ള നടൻ മാധവന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. രജനി സാറിനെ പോലെയുള്ളവരുടെ പ്രശംസയാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിന് മൂല്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതെന്നാണ് മാധവൻ പറയുന്നത്.

അതേ സമയം ജൂലൈ 1 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസിനെത്തിയത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങിയിരുന്ന ചിത്രം സംവിധാനം ചെയ്‌തതും മാധവൻ തന്നെയാണ്.

Read More: താരസമ്പന്നമായ മറ്റൊരു ചിത്രമൊരുങ്ങുന്നു; ‘പുഷ്‌പ 2’ വിൽ ഫഹദിനും അല്ലുവിനുമൊപ്പം വിജയ് സേതുപതി അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് റോക്കട്രി.

Story Highlights: Rajinikanth praises rocketry movie