‘ശക്തിമാൻ’ ബിഗ് സ്ക്രീനിലേക്ക്; ഇന്ത്യക്കാരുടെ സ്വന്തം സൂപ്പർഹീറോയെ രൺവീർ സിംഗ് വെള്ളിത്തിരയിലെത്തിക്കുമെന്ന് സൂചന

July 7, 2022

തൊണ്ണൂറുകളിൽ ബാല്യവും കൗമാരവും പിന്നിട്ട ഏതൊരാൾക്കും സുപരിചിതനനാണ് ‘ശക്തിമാൻ.’ ഇന്ത്യൻ മിനിസ്‌ക്രീനിൽ തരംഗമായി മാറിയ ശക്തിമാൻ കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ സ്വാധീനിച്ച ഒരു ടെലിവിഷൻ സീരിയൽ ആയിരുന്നു. ശക്തിമാൻ കാണാനായി ഞായറാഴ്‌ച ഉച്ചയാവാൻ കാത്തിരുന്ന ഒരു തലമുറ തന്നെ ഉണ്ടായിരുന്നു.

1997 മുതൽ 2005 വരെ എട്ട് വർഷങ്ങളോളം ദൂരദർശനിൽ സംപ്രേഷണം തുടർന്നിരുന്ന ശക്തിമാൻ ഇന്ത്യൻ ടെലിവിഷൻ സ്ക്രീനിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരകളിൽ ഒന്നാണ്. സീരിയലുകളും മറ്റ് പരിപാടികളും ഇന്ന് ടെലിവിഷനിൽ നിറഞ്ഞ് നിൽക്കുമ്പോഴും ശക്തിമാൻ നേടിയ വിജയം അസൂയാവഹമായി തന്നെ തുടരുകയാണ്.

ഇപ്പോൾ ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുന്നതായി വാർത്തകൾ പുറത്തു വന്നത്. അതിന് ശേഷം ചിത്രത്തിനെ കുറിച്ചുള്ള ഓരോ പുതിയ വാർത്തയ്ക്കായും വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ സൂപ്പർഹീറോയെ ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

വാർത്തയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സൂപ്പർഹീറോയെ അവതരിപ്പിക്കാൻ രൺവീർ സമ്മതം മൂളിയതായാണ് സൂചന. ഇതോടെ ശക്തിമാന് വേണ്ടി തിയേറ്ററുകളിൽ കൈയടിക്കാനുള്ള അവസരമാണ് ആരാധകർക്ക് ഒരുങ്ങുന്നത്.

Read More: “യുവാക്കൾ കണ്ടിരിക്കേണ്ട ചിത്രം..”; റോക്കട്രിക്ക് വലിയ പ്രശംസയുമായി രജനികാന്ത്

ശക്തിമാൻ ദൂരദർശനിൽ സംപ്രേഷണം ചെയ്‌തിരുന്ന സമയത്ത് കുട്ടികളായിരുന്ന ഒരു തലമുറ ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും എത്തി നിൽക്കുകയാണ്. കുട്ടിക്കാലത്തെ തങ്ങളുടെ സൂപ്പർഹീറോയെ ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നതോടെ ഒരു തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള തിരിച്ചു വരവിന് കൂടിയാണ് അവസരമൊരുങ്ങുന്നത്. അതോടൊപ്പം തന്നെ മാർവെൽ, ഡിസി സൂപ്പർഹീറോകളെ ആരാധിക്കുന്ന മറ്റൊരു തലമുറയ്ക്ക് ഒരു സമയത്ത് ഇന്ത്യൻ മിനിസ്‌ക്രീൻ അടക്കി വാണിരുന്ന ഇന്ത്യക്കാരുടെ സ്വന്തം സൂപ്പർഹീറോയെ പരിചയപ്പെടാനും ഇതോടെ അവസരം ഒരുങ്ങുകയാണ്.

Story Highlights: Ranveer sing will play shakthiman in the big screen adaptation