ഇനി രൺവീർ സിങ് ഷാരൂഖ് ഖാന്റെ അയൽക്കാരൻ; സ്വന്തമാക്കിയത് 119 കോടിയുടെ വീട്

July 11, 2022

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരമാണ് രൺവീർ സിങ്. മികച്ച കഥാപത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരം ഏറ്റവും കഠിനാധ്വാനിയായ ഒരു നടനായി കൂടിയാണ് അറിയപ്പെടുന്നത്. അടുത്തിടെ രൺവീറിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും വമ്പൻ വിജയം നേടിയിരുന്നു. ബോളിവുഡ് ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും രൺവീറിന്റെ ചിത്രങ്ങൾ പലതും സൂപ്പർ ഹിറ്റുകളാണ്.

ഇപ്പോൾ രൺവീർ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. 119 കോടി വില വരുന്ന ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയിലെ ബാന്ദ്ര നഗരത്തിലാണ് രൺവീർ വീട് വാങ്ങിയിരിക്കുന്നത്. ബാന്ദ്രയിലെ സാ​ഗർ റിഷാം എന്ന റെസിഡൻഷ്യൽ ടവറിൽ കടലിനെ അഭിമുഖീകരിക്കുന്ന വീടാണ് രൺവീർ സിങ്ങും ദീപിക പദുകോണും സ്വന്തമാക്കിയത്.

ഇതോടെ സാക്ഷാൽ ഷാരൂഖ് ഖാന്റെ അയൽക്കാർ കൂടിയായി മാറുകയാണ് രൺവീറും കുടുംബവും. നേരത്തെ തന്നെ ഷാരൂഖുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് രൺവീറും ദീപികയും. ദീപിക പദുക്കോണിന്റെ അരങ്ങേറ്റ ചിത്രം തന്നെ ഷാരൂഖിനൊപ്പമായിരുന്നു. ഫറാ ഖാൻ സംവിധാനം ചെയ്‌ത ‘ഓം ശാന്തി ഓം’ ആണ് ദീപിക ആദ്യമായി അഭിനയിച്ച ചിത്രം.

അതേ സമയം 83 ആണ് രൺവീറിന്റെതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. ഒരു തലമുറയെ തന്നെ ആവേശത്തിലാഴ്ത്തിയ 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയത്തിന്റെ കഥയാണ് ’83’ എന്ന സിനിമയിലൂടെ സംവിധായകൻ കബീർ ഖാൻ വെള്ളിത്തിരയിൽ എത്തിച്ചത്.

Read More: ചുവടുകളിൽ വിസ്മയം തീർത്ത് വിജയ് ദേവരക്കൊണ്ടയും അനന്യയും- ‘ലിഗർ’ ഗാനം ശ്രദ്ധേയമാകുന്നു

രൺവീർ സിംഗ് ആണ് 83-യിൽ ഇന്ത്യൻ നായകൻ കപിൽ ദേവിനെ അവതരിപ്പിച്ചത്. ദീപിക പദുക്കോൺ കപിൽ ദേവിന്റെ പത്നിയായ റോമി ഭാടിയയെ അവതരിപ്പിച്ചപ്പോൾ ആർ ശ്രീകാന്ത് ആയി തമിഴ് നടൻ ജീവ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. റിലയൻസ് എന്റർടൈൻമെന്റ്സിനൊപ്പം ദീപിക പദുകോണും സംവിധായകൻ കബീർ ഖാനും കൂടി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിലും വലിയ സ്വീകാര്യത ആണ് ലഭിച്ചത്.

Story Highlights: Ranveer singh is now the neighbour of sharukh khan