ഒടുവിൽ വിളിയെത്തി; സഞ്ജു സാംസൺ വീണ്ടും ഏകദിന ടീമിൽ, ആഘോഷമാക്കി ആരാധകർ…
ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ദേശീയ ടീമിൽ തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടത്. സഞ്ജുവിനെ ഇന്ത്യൻ ദേശീയ കുപ്പായത്തിൽ കാണാനുള്ള ദീർഘകാലമായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.
വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവുന്ന പരമ്പരയിൽ സഞ്ജുവിനൊപ്പം ഇഷാൻ കിഷനെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അയർലണ്ടിനെതിരെയുള്ള ടി 20 മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യൻ ദേശീയ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. സഞ്ജുവിന് വേണ്ടി ആരാധകർ ആർപ്പുവിളിച്ച മത്സരത്തിൽ താരം 77 റൺസ് അടിച്ചു കൂട്ടുകയും ചെയ്തിരുന്നു. തനിക്ക് കിട്ടിയ അവസരം വളരെ മികവോടെ ഉപയോഗിച്ച സഞ്ജുവിനെ തേടി ഇപ്പോൾ വീണ്ടും ഇന്ത്യൻ ദേശീയ ടീമിൽ നിന്നുള്ള വിളി എത്തിയിരിക്കുകയാണ്.
അതേ സമയം മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനം തന്നെയാണ് ഈ കഴിഞ്ഞ ഐപിഎൽ സീസണിൽ നായകൻ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചത്. പ്രഥമ ഐപിഎൽ സീസണിന് ശേഷം ആദ്യമായി രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചിരുന്നു.
Read More: “യുവാക്കൾ കണ്ടിരിക്കേണ്ട ചിത്രം..”; റോക്കട്രിക്ക് വലിയ പ്രശംസയുമായി രജനികാന്ത്
വലിയ പ്രശംസയാണ് മലയാളിയായ സഞ്ജു സാംസണിന്റെ നായക പാടവത്തിന് ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും നൽകിയത്. സമ്മർദ്ദഘട്ടങ്ങളിൽ പോലും സമചിത്തതയോടെയും പക്വതയോടെയും ടീമിനെ നയിച്ച സഞ്ജു മികച്ച നായകനായി പേരെടുത്തു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലൊന്ന് നേടി സീസൺ അവസാനിപ്പിച്ച രാജസ്ഥാൻ ഇത്തവണ രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ഇതിൽ നായകനെന്ന നിലയിൽ സഞ്ജുവിന് നിർണായക പങ്കുണ്ടെന്നാണ് ആരാധകർ പറയുന്നത്.
Story Highlights: Sanju samson back in indian team