“ആക്ഷൻ പറഞ്ഞു, ലാലേട്ടനെ ചവിട്ടി, സഹദേവൻ നെഞ്ചുമടിച്ച് താഴെ..”; ദൃശ്യത്തിലെ ക്ലൈമാക്സ് രംഗത്തിന്റെ രസകരമായ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് ഷാജോൺ

July 30, 2022

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലെന്നായിരുന്നു ജീത്തു ജോസഫിന്റെ ‘ദൃശ്യം.’ 50 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയ സിനിമ ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ കലാഭവൻ ഷാജോൺ പങ്കുവെച്ച ചിത്രത്തിന്റെ ചില വിശേഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ഫ്‌ളവേഴ്‌സ് ടിവിയുടെ മെഗാ ഇവന്ററായ താര ദമ്പതിമാരുടെ സംസ്ഥാന സമ്മേളന വേദിയിലാണ് ഷാജോൺ രസകരമായ വിശേഷങ്ങൾ പങ്കുവെച്ചത്. ദൃശ്യത്തിലെ ഏറ്റവും മികച്ച സീനുകളിലൊന്നായിരുന്നു ക്ലൈമാക്സ് രംഗം. സീനിൽ ഷാജോൺ അവതരിപ്പിക്കുന്ന സഹദേവൻ മോഹൻലാലിൻറെ ജോർജ്ജ് കുട്ടിയെ ചവിട്ടുന്ന രംഗം ദൃശ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സീനുകളിലൊന്നായിരുന്നു. ഇപ്പോൾ ഈ രംഗത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളാണ് ഷാജോൺ വേദിയിൽ പങ്കുവെച്ചത്.

ആദ്യം ഈ രംഗം ചെയ്യാൻ തനിക്ക് ചെറിയ മടിയുണ്ടായിരുന്നുവെന്നാണ് ഷാജോൺ പറയുന്നത്. ലാലേട്ടൻ കുറെ നേരം സംസാരിച്ച് ധൈര്യം തന്നു. അതിന് ശേഷം ചവിട്ടുന്നതിന്റെ ഒരു റിഹേഴ്‌സലും എടുത്തു. മോഹൻലാൽ തന്നെയാണ് രംഗത്തിന്റെ ഫൈറ്റ് കൊറിയോഗ്രാഫി ചെയ്‌തത്. അതിന് ശേഷമാണ് രംഗം ഷൂട്ട് ചെയ്യാൻ തുടങ്ങിയത്.

ആക്ഷൻ പറഞ്ഞ് താൻ ലാലേട്ടനെ ചവിട്ടി. പക്ഷെ ചവിട്ട് കൊടുത്തതിന് ശേഷം താൻ താഴെ വീഴുകയായിരുന്നുവെന്നാണ് ഷാജോൺ പറയുന്നത്. റിഹേഴ്‌സലിൽ അധികം ബലം കൊടുക്കാതെ നിന്ന ലാലേട്ടൻ ഷൂട്ട് ചെയ്തപ്പോൾ കഥാപാത്രം ചെയ്യുന്നത് പോലെ ചെറിയ ബലം തോളിൽ കൊടുത്താണ് നിന്നിരുന്നത്. ഇത് തിരിച്ചറിയാൻ കഴിയാതെ ചവിട്ടിയപ്പോഴാണ് താൻ താഴെ വീണതെന്നും ഷാജോൺ കൂട്ടിച്ചേർത്തു. ഷാജോൺ പങ്കുവെച്ച ഈ അനുഭവം വലിയ പൊട്ടിച്ചിരിയാണ് വേദിയിൽ ഉണ്ടാക്കിയത്.

Read More: ബറോസിന് പായ്‌ക്കപ്പ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ; പ്രണവ് അരങ്ങിലോ അണിയറയിലോ എന്ന് ആരാധകർ

Story Highlights: Shajon shares funny incident about drishyam climax