ബറോസിന് പായ്‌ക്കപ്പ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ; പ്രണവ് അരങ്ങിലോ അണിയറയിലോ എന്ന് ആരാധകർ

July 30, 2022

നടൻ മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ബറോസിന്റെ ഷൂട്ടിംഗ് അവസാനിച്ചു. മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ഷൂട്ട് ചെയ്ത പല സീനുകളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്‌താണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

ഷൂട്ടിംഗ് പായ്‌ക്കപ്പായതിന് ശേഷം മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വലിയ ചർച്ചകൾക്കാണ് ചിത്രം തുടക്കമിട്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലിനേയും കാണാൻ കഴിയും. ഇതാണ് ആരാധകർക്ക് കൗതുകമായത്. പ്രണവ് മോഹൻലാൽ ബറോസിൽ അഭിനയിക്കുന്നുണ്ടോ എന്നാണ് പ്രേക്ഷകർ ഇപ്പോൾ ചോദിക്കുന്നത്.

എന്നാൽ പല ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള പ്രണവ് ഒരു പക്ഷേ ചിത്രത്തിന്റെ അണിയറയിലാവാം പ്രവർത്തിച്ചത് എന്നും ആരാധകർ കരുതുന്നു. ഏതായാലും ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലാവുകയായിരുന്നു.

നേരത്തെ മുതൽ തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മോഹൻലാൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അതൊക്കെ ആരാധകരും പ്രേക്ഷകരും വലിയ രീതിയിൽ ഏറ്റെടുത്തിട്ടുമുണ്ട്. മോഹൻലാൽ പങ്കുവെച്ച ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Read More: കല്യാണമേളവുമായി ‘ചോലപ്പെണ്ണേ..’; ‘മലയൻകുഞ്ഞ്’ സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story Highlights: Mohanlal shares barroz pack up pic with pranav mohanlal