“രക്ഷപ്പെടുമെന്ന് തികഞ്ഞ വിശ്വാസമുണ്ടായിരുന്നു..”; ജിഷ്‌ണുവിന്റെ അപ്രതീക്ഷിത വിയോഗത്തെ പറ്റി സിദ്ധാർഥ് ഭരതൻ

July 14, 2022

‘നമ്മൾ’ എന്ന കമൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരങ്ങളായിരുന്നു ജിഷ്‌ണുവും സിദ്ധാർഥും. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കെപിഎസി ലളിതയുടെ മകനായ സിദ്ധാർഥും നടൻ രാഘവന്റെ മകനായ ജിഷ്‌ണുവും അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു.

ജിഷ്‌ണുവിന്റെ അപ്രതീക്ഷിത വിടവാങ്ങൽ വലിയ ആഘാതമാണ് സിദ്ധാർത്ഥിന്റെ ജീവിതത്തിൽ ഉണ്ടാക്കിയത്. ദീർഘകാലമായി ജിഷ്‌ണു ക്യാൻസറിനോട് പൊരുതുന്നുണ്ടായിരുന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് താനടക്കമുള്ള സുഹൃത്തുക്കളും ജിഷ്‌ണുവിന്റെ കുടുംബാംഗങ്ങളും കരുതിയതെന്ന് പറയുകയാണ് സിദ്ധാർഥ്. ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലാണ് സിദ്ധാർഥ് ജിഷ്‌ണുവിനെ പറ്റി മനസ്സ് തുറന്നത്.

നിദ്ര എന്ന തന്റെ ആദ്യ സംവിധാന സംരംഭം വിജയിക്കാതെ വന്നതോടെ കടുത്ത വിഷാദത്തിലേക്ക് പോയ തനിക്ക് ജിഷ്‌ണുവിന്റെ സൗഹൃദം വലിയ രീതിയിൽ ജീവിതത്തിൽ മുൻപോട്ട് പോവാൻ സഹായിച്ചുവെന്ന് പറയുകയാണ് സിദ്ധാർഥ്. ആ വിഷമ ഘട്ടങ്ങളിൽ ജിഷ്‌ണു എല്ലാ ദിവസവും തന്നെ കാണാൻ വരുമായിരുന്നുവെന്നും സിദ്ധാർഥ് പറയുന്നു.

താൻ അപകടം പറ്റി വിശ്രമിക്കുന്ന സമയത്ത് ജിഷ്‌ണു ക്യാൻസറിനോട് പൊരുതുകയായിരുന്നു. ആ സമയത്ത് പോലും ജിഷ്‌ണു തന്നെ കാണാൻ വന്നുവെന്നും അടുത്ത തന്നെ ഒരുമിച്ച് സിനിമ ചെയ്യുന്നതിനെ പറ്റി സംസാരിച്ചിരുന്നുവെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.

ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് ജിഷ്‌ണുവിന് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ ഒരു ശൂന്യത തന്റെ ജീവിതത്തിൽ ഉണ്ടാക്കിയെന്നും സിദ്ധാർഥ് വേദിയിൽ പറഞ്ഞു.

Read More: ‘ഒരു സംവിധായകനെന്ന നിലയിൽ അമ്മ തന്നെ അംഗീകരിച്ച ചിത്രം’; കെപിഎസി ലളിതയ്ക്ക് ഏറെ ഇഷ്ടമായ തന്റെ സിനിമയെ പറ്റി സിദ്ധാർഥ് ഭരതൻ

Story Highlights: Sidharth about jishnu’s demise