അവാർഡ് പ്രഖ്യാപനത്തിന് മുൻപ് ടെൻഷനടിച്ച് അപർണ; ഗായകൻ സിദ്ധാർഥ് പങ്കുവെച്ച വിഡിയോ വൈറലാവുന്നു

July 26, 2022

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അപർണ ബാലമുരളി ആയിരുന്നു. ‘സൂരരൈ പൊട്രു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അപർണ പുരസ്‌ക്കാരത്തിനർഹയായത്. വലിയ പ്രശംസയാണ് താരത്തിന് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് നേരത്തെ തന്നെ അപർണയ്ക്ക് വലിയ കൈയടി ലഭിച്ചിരുന്നു.

എന്നാലിപ്പോൾ അവാർഡ് പ്രഖ്യാപനത്തിന് മുൻപുള്ള അപർണയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അവാർഡ് പ്രഖ്യാപിക്കുന്നതിന് മുൻപുള്ള താരത്തിന്റെ കുറച്ചു നിമിഷങ്ങളാണ് വിഡിയോയിൽ കാണുന്നത്. അവാർഡിനെ പറ്റി ടെൻഷനടിച്ചാണ് അപർണ ഇരിക്കുന്നത്. ഗായകൻ സിദ്ധാർഥ് മേനോൻ അടക്കമുള്ള സുഹൃത്തുക്കൾ തമാശ പറഞ്ഞ് അപർണയുടെ ടെൻഷൻ മാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

സിദ്ധാർഥ് തന്നെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സിദ്ധാർഥും അപർണയും അഭിനയിക്കുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിഡിയോ എടുത്തിരിക്കുന്നത്. അവാർഡ് പ്രഖ്യാപിക്കുമ്പോൾ അപർണ സിനിമയുടെ സെറ്റിലായിരുന്നു. സെറ്റിൽ സിദ്ധാർഥ് അടക്കമുള്ളവർ അപർണയെ അനുമോദിച്ച് നടത്തിയ വിജയാഘോഷങ്ങളുടെ വിഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read More: “ചാക്കോച്ചാ പൊളിച്ചൂടാ മോനെ..”; കുഞ്ചാക്കോ ബോബന് പ്രശംസയുമായി യഥാർത്ഥ ‘ദേവദൂതരുടെ’ സംഗീത സംവിധായകൻ ഔസേപ്പച്ചൻ

അതേ സമയം അറുപത്തിയെട്ടാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വലിയ നേട്ടമുണ്ടാക്കിയത് മലയാളം തമിഴ് സിനിമകളാണ്. ഏറ്റവും പ്രധാനപ്പെട്ട പുരസ്‌ക്കാരങ്ങളൊക്കെ നേടിയത് ഇരു ഭാഷകളിൽ നിന്നുമുള്ള ചിത്രങ്ങളായിരുന്നു. തമിഴ് ചിത്രം സൂരരൈ പൊട്രുവും മലയാളം സിനിമ അയ്യപ്പനും കോശിയുമാണ് ഏറ്റവും കൂടുതൽ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയത്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സൂര്യയ്ക്ക് പിറന്നാൾ സമ്മാനം പോലെയാണ് അവാർഡ് എത്തിയത്. പുരസ്ക്കാരം പ്രഖ്യാപിച്ചതിന്റെ അടുത്ത നാളായിരുന്നു സൂര്യയുടെ പിറന്നാൾ.

Story Highlights: Sidharth menon shares video of aparna before winning national award