“ഹബീബി വെൽക്കം ടു പൊന്നാനി..”; അടിയും ചിരിയും നിറച്ച് ടൊവിനോയുടെ ‘തല്ലുമാല’ – ട്രെയ്ലർ

ആക്ഷനും കോമഡിയും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ സിനിമയാണ് തല്ലുമാല. ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ യുവതാരം ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മണവാളൻ വസീം എന്ന കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുമ്പോൾ വ്ളോഗറായ ബീത്തു എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിലെത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ വലിയ ആരാധക വൃന്ദമുള്ള യുവതലമുറയുടെ കഥയാണ് തല്ലുമാല എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. വ്യത്യസ്തനായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയും ട്രെയ്ലറിൽ ചിരി പടർത്തുന്നുണ്ട്.
സുഡാനി ഫ്രം നൈജീരിയ, ഒരു ഹലാൽ ലവ് സ്റ്റോറി അടക്കമുള്ള ചിത്രങ്ങളുടെ രചയിതാവ് മുഹ്സിൻ പരാരിയും തമാശ, ഭീമന്റെ വഴി അടക്കമുള്ള ചിത്രങ്ങളുടെ സംവിധായകൻ അഷ്റഫ് ഹംസയും ചേർന്നാണ് തല്ലുമാലയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ടൊവിനോയ്ക്കും കല്യാണിക്കുമൊപ്പം ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read More: ‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്..’ ഫഹദ് ചിത്രം മലയൻകുഞ്ഞിന് ആശംസകളുമായി കമൽ ഹാസനും സൂര്യയും
ആഷിക്ക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെ പ്രശസ്തനായ അദ്രി ജോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Story Highlights: Thallumala trailer