‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്..’ ഫഹദ് ചിത്രം മലയൻകുഞ്ഞിന് ആശംസകളുമായി കമൽ ഹാസനും സൂര്യയും

July 16, 2022

ജൂൺ 22 നാണ് ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് തിയേറ്ററുകളിലേക്കെത്തുന്നത്. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്നലെയാണ് മലയൻകുഞ്ഞിന്റെ ട്രെയ്‌ലർ പുറത്തു വന്നത്. മികച്ച പ്രതികരണമാണ് സിനിമ ലോകത്ത് നിന്നും പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോൾ ട്രെയ്‌ലർ പങ്കുവെച്ച് കമൽ ഹാസനും സൂര്യയും സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. “ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്” എന്ന് പറഞ്ഞു കൊണ്ടാണ് കമൽ ഹാസൻ ട്രെയ്‌ലർ പങ്കുവെച്ചത്. “മികവ് എല്ലായ്‌പ്പോഴും വിജയിക്കണം. എന്റെ എല്ലാ എജെന്റുകളും വിജയിക്കണം. തോൽവി ഒരു തിരഞ്ഞെടുപ്പല്ല. ടീമെന്താണെന്ന് അവർക്ക് കാണിച്ചു കൊടുക്കുക” എന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

അതേ സമയം ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഫാസിലിന് ആദരമർപ്പിച്ചു കൊണ്ടാണ് സൂര്യ സമൂഹമാധ്യമങ്ങളിൽ ട്രെയ്‌ലർ പങ്കുവെച്ചത്. “ഫാസിൽ സാറിന് സ്നേഹവും ആദരവും. ഫഹദ്, നിങ്ങളുടെ കഥകളിലൂടെ നിങ്ങൾ എപ്പോഴും എന്നെ അതിശയിപ്പിക്കുകയാണ്. തീർത്തും വ്യത്യസ്‌തമായ ഈ പരിശ്രമത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞാൻ അദ്‌ഭുതപ്പെട്ടു.” സൂര്യ ട്വിറ്ററിൽ കുറിച്ചു.

Read More: കടുവാക്കുന്നേൽ കുര്യച്ചന് ശേഷം ‘കൊട്ട മധു’; ഷാജി കൈലാസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു, കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്

നേരത്തെ മലയൻകുഞ്ഞിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയ മുന്നറിയിപ്പ് പ്രേക്ഷകരുടെയിടയിൽ ചർച്ചാവിഷയമായി മാറിയിരുന്നു. കാണുന്ന പ്രേക്ഷകരെ ചിത്രം അസ്വസ്ഥരാക്കിയേക്കാമെന്നും ക്ലോസ്‍ട്രോഫോബിയ ഉള്ളവർ ചിത്രം കാണുമ്പോൾ സൂക്ഷിക്കണമെന്നുമാണ് അണിയറ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. മലയോര പ്രദേശങ്ങളിലുണ്ടാവുന്ന ഒരു മണ്ണിടിച്ചിലിൽ പെട്ട് പോവുന്നൊരു യുവാവിന്റെ കഥയാണ് മലയൻകുഞ്ഞ് എന്ന് സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഫഹദ് ഫാസിൽ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ഈ മുന്നറിയിപ്പ് പങ്കുവെച്ചിരുന്നു.

Story Highlights: Kamal hasan and surya wishes for malayankunju