കടുവാക്കുന്നേൽ കുര്യച്ചന് ശേഷം ‘കൊട്ട മധു’; ഷാജി കൈലാസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു, കഥാപാത്രത്തെ പരിചയപ്പെടുത്തി പൃഥ്വിരാജ്

July 16, 2022

കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരൻ കൂട്ടുകെട്ടിലൊരുങ്ങുന്ന കാപ്പയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു ഗ്യാങ്സ്റ്റർ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെയാണ് ആരംഭിച്ചത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്‌തു.

ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അതേ സമയം വലിയ വരവേൽപ്പാണ് മലയാളി പ്രേക്ഷകർ കടുവയ്ക്ക് നൽകിയത്. തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ കടുവ മികച്ച വിജയം നേടിക്കൊണ്ടിരിക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം മറ്റ് ഭാഷകളിലും മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷനാണ് ചിത്രം നേടിയത്.

Read More: ‘ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം, ക്ലോസ്‍ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക’; മുന്നറിയിപ്പുമായി മലയൻകുഞ്ഞ് ടീം, ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു

പൃഥ്വിരാജ് ചിത്രമായ ആദം ജൊവാനിന്റെ സംവിധായകൻ കൂടിയായ ജിനു എബ്രഹാമാണ് കടുവയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോൻ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Story Highlights: Kappa shooting started