ബാറ്റിങ്ങിനിറങ്ങിയപ്പോൾ കേട്ടത് “ലജ്ജാവതിയേ..”; ആദ്യ ഏകദിനത്തിൽ സഞ്ജുവിന് വൻ സർപ്രൈസൊരുക്കി ട്രിനിഡാഡ് മലയാളികൾ

July 23, 2022

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ടീമിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി മാറുകയായിരുന്നു മലയാളി താരം സഞ്ജു സാംസൺ. ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിറാജിന്റെ അവസാന ഓവറിൽ സഞ്ജു നടത്തിയ ഒരു മിന്നൽ സേവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇപ്പോൾ സഞ്ജു ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലേക്കിറങ്ങിയപ്പോൾ നടന്ന ഒരു സംഭവമാണ് ശ്രദ്ധേയമാവുന്നത്. ബാറ്റ് ചെയ്യാനായി ഇറങ്ങിയ സഞ്ജുവിനായി വലിയ ഒരു സർപ്രൈസാണ് ട്രിനിഡാഡ് മലയാളികൾ ഒരുക്കിയത്. സഞ്ജു ഗ്രൗണ്ടിലേക്കിറങ്ങിയതിന് പിന്നാലെ ജാസി ഗിഫ്റ്റിന്റെ ഹിറ്റ് ഗാനം “ലജ്ജാവതിയേ..” ക്വീൻസ് പാർക്ക് ഗാലറിയിൽ നിന്ന് മുഴക്കിയാണ് മലയാളികൾ താരത്തെ വരവേറ്റത്. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

ആദ്യ ഏകദിനത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു സഞ്ജുവിന്റെ മിന്നൽ സേവ്. അവസാന ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസായിരുന്നു. അക്കീല്‍ ഹൊസൈനും റൊമാരിയോ ഷെപ്പേര്‍ഡുമായിരുന്നു വിൻഡീസിനായി ക്രീസിലുണ്ടായിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് വൈഡ് ആവുകയായിരുന്നു. പന്ത് ബൗണ്ടറിയിലേക്ക് പോകും എന്ന് ആരാധകർ ഉറപ്പിച്ച നിമിഷത്തിലാണ് സഞ്ജു ഡൈവ് ചെയ്‌ത്‌ പന്ത് തട്ടിയിടുന്നത്. മിന്നൽ സേവിലൂടെ നിർണായകമായ നാല് റൺസാണ് താരം വിൻഡീസിൽ നിന്ന് പിടിച്ചു വാങ്ങിയത്. മൂന്ന് റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്.

Read More: “കപ്പയും മീനും വേണോ..”; വെസ്റ്റ് ഇൻഡീസിലെ രസകരമായ മലയാളി അനുഭവം പങ്കുവെച്ച് സഞ്ജു സാംസൺ

അതേ സമയം വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ മുതൽ മികച്ച വരവേൽപ്പാണ് സഞ്ജുവിന് വെസ്റ്റ് ഇൻഡീസിലെ മലയാളികൾ നൽകുന്നത്. വെസ്റ്റ് ഇൻഡീസിലെ ആദ്യ മലയാളി അനുഭവം പങ്കുവെച്ച സഞ്ജുവിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. എയർപോർട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ “കപ്പയും മീനും വേണോ..” എന്ന ചോദ്യമാണ് താൻ കേട്ടതെന്നാണ് സഞ്ജു പറയുന്നത്. ചോദ്യം ചോദിച്ചയാളോടൊപ്പം ഇരുന്നുള്ള വിഡിയോയിലാണ് സഞ്ജു രസകരമായ സംഭവം പങ്കുവെച്ചത്.

Story Highlights: Trinidad malayalis surprise for sanju samson