ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’- വിനയൻ
സിനിമ പ്രഖ്യാപിച്ച് ഏകദേശം മൂന്ന് വർഷത്തിന് ശേഷം പത്തൊൻപതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന് സിനിമയുടെ സംവിധായകൻ വിനയൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, അവകാശവാദങ്ങളൊന്നുമില്ലാതെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് എന്ന് പറയുകയാണ് വിനയൻ.
വിനയന്റെ വാക്കുകൾ;
സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ “പത്തൊമ്പതാം നൂറ്റാണ്ട് ” എന്ന സിനിമയും അതിൻെറ പ്രമേയവും തീർച്ചയായും ചർച്ച ചെയ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ.
ആക്ഷൻ പാക്ഡ് ആയ ഒരു മാസ്സ് എൻറർടെയിനറായി തന്നെയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ ഞങ്ങൾ ശ്രമിക്കുന്നത്.. ചിത്രത്തിൻെറ ടീസർ ഇറങ്ങിയപ്പോൾ ഏകകണ്ഠമായി അംഗീകരിച്ച പ്രേക്ഷകർ, സിനിമയേയും സ്വീകരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു..
പ്രമേയം കൊണ്ടും ചിത്രത്തിൻെറ വലിപ്പം കൊണ്ടും ഒരു പാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കാവുന്ന “പത്തൊൻപതാം നൂറ്റാണ്ട്” മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവൽ സീസണിൽ തന്നെ തീയറ്ററുകളിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നു.. മറ്റ് യാതൊരു അവകാശ വാദവുമില്ലങ്കിലും നിങ്ങളേവരുടെയും ആശിർവാദങ്ങളുടെ അവകാശിയാകാൻ ആഗ്രഹിക്കുന്നു..
അതേസമയം, മാറുമറയ്ക്കാനുള്ള സമരംമുതൽ അക്കാലത്ത് ‘അയിത്തജാതിക്കാർ’ എന്ന് മുദ്ര കുത്തിയിരുന്ന ആളുകൾ നടത്തിയ പ്രതിഷേധങ്ങളിലേക്കും ഒരു കാഴ്ച നൽകി ചിത്രത്തിന്റെ ടീസർ അടുത്തിടെ എത്തിയിരുന്നു. വേലായുധ പണിക്കരുടെ കഥയും അക്കാലത്ത് സാധാരണക്കാർക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടവും വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് വാഗ്ദാനം ചെയ്യുന്നു.
Story highlights- vinayan about pathonpatham noottandu movie background