“അഭിപ്രായ വ്യത്യാസത്തിലും ചേർത്ത് നിർത്തുന്നു, ലാലേട്ടൻ ഒരു വിസ്‌മയമാണ്..”; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

July 10, 2022

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഹരീഷ് പേരടി. നാടകത്തിൽ നിന്നും ടെലിവിഷനിലേക്കും പിന്നീട് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ അടക്കമുള്ള സിനിമകളിലെ അതിഗംഭീര പ്രകടനങ്ങളിലൂടെ വെള്ളിത്തിരയിലേക്കും ചേക്കേറിയ നടന് വലിയ ആരാധകരാണുള്ളത്. പുതിയ കാല സിനിമകളിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിലൊരാളായ താരത്തെ മരണപ്പെട്ട ഒട്ടേറെ പ്രതിഭാധനരായ അഭിനേതാക്കളുടെ പകരക്കാരനായി കാണുന്ന പ്രേക്ഷകരും കുറവല്ല.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം സമകാലീന രാഷ്ട്രീയത്തോടും സംഭവങ്ങളോടും തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ നിരന്തരമായി പ്രതികരിക്കുകയും ചെയ്യുന്ന ഒരു കലാകാരനാണ്. ഇപ്പോൾ നടൻ മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

“എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു…അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ” മോഹൻലാലിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

Read More: കനത്ത മഴയിൽ കുത്തിയൊലിക്കുന്ന തൊമ്മൻകുത്ത് പുഴയിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ- വിഡിയോ

എംടി വാസുദേവൻ നായരുടെ ചെറുകഥയെ ആസ്‌പദമാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ മോഹൻലാലും ഹരീഷ് പേരടിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി എൻ മേനോൻ സംവിധാനം നിർവഹിച്ച ഇതേ പേരിലുള്ള ചിത്രം 1970 ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ നടൻ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്‌ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെയാണ് ഹരീഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Story Highlights: Hareesh peradi facebook post about mohanlal goes viral