“ആകാശമായവളെ..”; ക്ലാസ്സ്മുറിയിലെ വൈറൽ ഗായകൻ ഇനി സിനിമയിൽ പാടും, അവസരം വാഗ്‌ദാനം ചെയ്‌ത്‌ സംവിധായകൻ പ്രജേഷ് സെൻ

July 17, 2022

അടുത്തിടെ മലയാളികൾ ഏറ്റവും കൂടുതൽ ഏറ്റുപാടിയ ഗാനങ്ങളിലൊന്നാണ് ‘വെള്ളം’ എന്ന ചിത്രത്തിലെ “ആകാശമായവളെ..” എന്ന ഗാനം. ഷഹബാസ് അമൻ ചിത്രത്തിൽ അതിമനോഹരമായി പാടിയ ഈ ഗാനം മലയാളികളുടെ ഉള്ളിൽ ആഴ്ന്നിറങ്ങിയ ഗാനങ്ങളിലൊന്നായി മാറുകയായിരുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഒരു കൊച്ചു മിടുക്കൻ ക്ലാസ് മുറിയിൽ ഈ ഗാനം പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മിലൻ എന്ന കൊച്ചു ഗായകൻ തന്റെ സഹപാഠികൾക്ക് മുൻപിൽ പാടുന്നതിന്റെ വിഡിയോ അധ്യാപകനായ പ്രവീൺ.എം.കുമാറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിന് പിന്നാലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മിലന് നിരവധി ആളുകളാണ് ആശംസകളും കൈയടിയുമായി എത്തിയത്.

ഇപ്പോൾ വെള്ളത്തിന്റെ സംവിധായകനായ പ്രജേഷ് സെൻ തന്നെ മിലനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. മിലൻറെ പാട്ട് തന്റെ കണ്ണ് നനയിച്ചെന്നും തന്റെ അടുത്ത ചിത്രത്തിൽ കൊച്ചു ഗായകന് പാടാൻ അവസരം നൽകുമെന്നും പ്രജേഷ് സെൻ വിഡിയോ പങ്കുവെച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

“ക്ലാസ് മുറിയിൽ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്. അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛൻ്റെ…എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.
കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്.

നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ… മാറിയിരുന്നു. സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ചു. സന്തോഷം അറിയിച്ചു.

അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികൾ…എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകൾ.” പ്രജേഷ് സെൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More: ‘ഒരു സംവിധായകനെന്ന നിലയിൽ അമ്മ തന്നെ അംഗീകരിച്ച ചിത്രം’; കെപിഎസി ലളിതയ്ക്ക് ഏറെ ഇഷ്ടമായ തന്റെ സിനിമയെ പറ്റി സിദ്ധാർഥ് ഭരതൻ

Story Highlights: Viral singer movie offer