കുഞ്ചാക്കോ ബോബന്റെ അപരനെ കണ്ട് ഞെട്ടി പ്രേക്ഷകർ; വൈറൽ ഡാൻസ് പങ്കുവെച്ച് ചാക്കോച്ചൻ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി..” എന്ന ഗാനമാണ്. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തിരിക്കുന്നത്.
എന്നാലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് മറ്റൊരു വിഡിയോയാണ്. ഇതേ ഗാനത്തിന് ചാക്കോച്ചന്റെ കഥാപാത്രവുമായി വിസ്‌മയകരമായ സാദൃശ്യമുള്ള ഒരു കലാകാരൻ നൃത്തം വയ്ക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഭാസ്‌കർ അരവിന്ദ് എന്ന കലാകാരനാണ് കുഞ്ചാക്കോ ബോബന്റെ ചുവടുകൾ അനുകരിച്ച് നൃത്തം ചെയ്യുന്നത്.
നടൻ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്‌ണ പൊതുവാളുമടക്കമുള്ളവർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് വലിയ പ്രശംസ നേടുകയാണ് ഈ കലാകാരൻ. സിനിമ രംഗത്ത് നിന്നുള്ള നിരവധി പേരാണ് ഭാസ്ക്കറിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ ഗാനത്തിന് ചുവട് വെച്ചതിനെ പറ്റി കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നിരുന്നു. കൊറിയോഗ്രാഫി ഒന്നും ഇല്ലാതെ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഷോട്ട് റെഡി ആയപ്പോൾ കണ്ണും പൂട്ടിയങ്ങ് ചെയ്യുകയായിരുന്നുവെന്ന് താരം പറഞ്ഞു. തെറ്റിച്ച് ഡാൻസ് ചെയ്യുക എന്നതായിരുന്നു ഇതിലെ ശരി എന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
നേരത്തെ നടൻ മമ്മൂട്ടിയെ പാട്ട് കാണിച്ച് സമ്മതം വാങ്ങിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഗാനം ഏറെ ഇഷ്ടമായെന്നും അതിന് ശേഷം ഗാനം റിലീസായതിന് ശേഷം സംഗീത സംവിധായകൻ ഔസേപ്പച്ചൻ വിളിച്ച് അഭിനന്ദിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
Story Highlights: Viral video of artist performing kunchakko boban dance