മഴയിലും തളരാത്ത ആവേശം; വെള്ളം മുങ്ങിയ പാടത്തിലൂടെ തോണിതുഴഞ്ഞ് ഒരു അറുപത്തിയഞ്ചുകാരി- വിഡിയോ

August 7, 2022

പ്രായം ഒന്നിനും ഒരു തടസമല്ല. വലിയ കാര്യങ്ങൾ ചെയ്യാൻ ചെറിയ കുട്ടി എന്ന പരിധിയില്ല, അതുപോലെ ചുറുചുറുക്കുള്ള കാര്യങ്ങൾക്ക് മുതിർന്നയാൾ എന്ന അതിരുമില്ല. ആർക്കും മനസ് പറയുന്നതുപോലെ ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെങ്കിൽ ഏതുപ്രായത്തെയും തോൽപ്പിക്കാൻ സാധിക്കും. അതാണ് കേരളത്തിലെ ഒരു മുത്തശ്ശി തെളിയിക്കുന്നത്.

മഴയുടെ ആശങ്കകൾക്കിടയിലും വെള്ളം കയറിയ പാടത്തിലൂടെ തോണി തുഴഞ്ഞ് നീങ്ങുകയാണ് ഒരു അറുപത്തിയഞ്ചുകാരി. വള്ളം തുഴയുന്നതിന്റെ സന്തോഷവും ആവേശവും ആ മുഖത്ത് പ്രകടമാണ്. തൃശൂർ ജില്ലയിലെ ചാലക്കുടിയ്ക്കടുത്തുള്ള എരയാംകുടി സ്വദേശി ഓമന ഗോപിയാണ് ഇങ്ങനെ വള്ളംതുഴഞ്ഞ് വൈറലായി മാറിയിരിക്കുന്നത്. ചെറുപ്പത്തിൽ തോണി തുഴഞ്ഞ് ശീലമുള്ളയാളാണ് ഓമന ഗോപി.

കരകവിഞ്ഞ് ഒഴുകുകയാണ് ചാലക്കുടിപ്പുഴ. പുഴ പാടത്തേക്കും എത്തി കഴിഞ്ഞു. വെള്ളം പൊങ്ങിയ സ്ഥലത്തു തന്റെ കന്നുകാലികൾ പട്ടിണി കിടക്കാതിരിക്കാൻ പുല്ല് അരിയാൻ പോകുന്ന വഴിയാണ് കുട്ടികൾ തോണി തുഴയുന്നത് കണ്ടത്. അവരോട് തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. നല്ല സ്റ്റൈലായി ഇവർ തോണി തുഴയുന്നത് കണ്ട് നിന്നവരെയും ഞെട്ടിച്ചു കളഞ്ഞു. ഈ ദൃശ്യങ്ങൾ പിന്നീട് വൈറലാകുകയായിരുന്നു. പണ്ട് മുതലേ വഞ്ചി തുഴഞ്ഞ് ശീലമുണ്ട് ഓമനയ്ക്ക്. ചെറിയ പ്രായത്തിലെ മഴ പെയ്ത വെള്ളം പൊങ്ങുന്ന സമയങ്ങളിൽ തോണി തുഴയാൻ പോകാറുണ്ട്.

Read Also; അനിലമ്മ ആള് പുലിയാണ്..; പ്രായം തളർത്താത്ത ഗംഭീര ചുവടുകളുമായി ഒരു മുത്തശ്ശി

കുട്ടികൾ തോണിയിൽ കളിക്കുന്നത് കണ്ടപ്പോൾ പണ്ടത്തെ ഓർമ്മകൾ വന്നെന്നും തോണി തുഴയാൻ ആഗ്രഹം തോന്നിയെന്നും ഓമന പറയുന്നു. അങ്ങനെയാണ് കുട്ടികളോട് തന്റെ ആഗ്രഹം പറഞ്ഞത്. ഇത്രയും നന്നായി തുഴയുമെന്ന് ഇവരും കരുതിയില്ല. എന്താണെങ്കിലും നാട്ടിൽ ഇപ്പോൾ താരമാണ് ഓമന. നിരവധി പേരാണ് വിഡിയോ ഇതിനോടകം പങ്കിട്ടത്.

Story highlights- A sixty-five-year-old woman rowing a canoe through a flooded field