30 സെക്കന്റിനുള്ളിൽ കോഴിക്കുഞ്ഞിനെ കണ്ടെത്തിയാൽ റെക്കോർഡ്; വൈറലായി മറ്റൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം

August 8, 2022

കണ്ണുകൾക്ക് പെട്ടെന്ന് പിടി തരാത്ത ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ആളുകളെ ഒരുപാട് ആകർഷിക്കാറുണ്ട്. ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന വസ്‌തുക്കളെ കണ്ടെത്താനും വേർതിരിച്ചറിയാനുമൊക്കെ വലിയ താൽപര്യമാണ് ആളുകൾക്കുള്ളത്. ഇത്തരം ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്.

ഇപ്പോൾ അങ്ങനെയുള്ള മറ്റൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ശ്രദ്ധേയമാവുന്നത്. ഹംഗേറിയൻ കലാകാരനായ ഗെർഗെലി ഡുഡാസാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈസ്റ്ററിന് ഒരുങ്ങുന്ന ഒരു കൂട്ടം മുയലുകളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മുയലുകളെ സഹായിക്കുന്ന ഒരു കോഴിക്കുഞ്ഞും ചിത്രത്തിലുണ്ട്. ഈ കോഴിക്കുഞ്ഞിനെ കണ്ടെത്താൻ കഴിയുമോ എന്നാണ് ഗെർഗെലി ചോദിക്കുന്നത്.

എന്നാൽ 30 സെക്കന്റിനുള്ളിൽ കണ്ടെത്തണമെന്നും അദ്ദേഹം പറയുന്നു. അതിനുള്ളിൽ ചിത്രത്തിൽ നിന്ന് കോഴിക്കുഞ്ഞിനെ കണ്ടെത്തിയാൽ അതൊരു റെക്കോർഡായിരിക്കും. പക്ഷെ അത്രയും സമയത്തിനുള്ളിൽ കോഴിക്കുഞ്ഞിനെ കണ്ടെത്തുന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. വളരെ കളർഫുളായ ചിത്രത്തിൽ നിന്ന് സൂക്ഷ്‌മമായ നിരീക്ഷണത്തിൽ കൂടി മാത്രമേ കോഴികുഞ്ഞിനെ കണ്ടെത്താൻ കഴിയൂ. വലിയ രീതിയിൽ ആളുകളെ ആകർഷിച്ച ഒരു ചിത്രമായി ഇത് സമൂഹമാധ്യമങ്ങളിൽ മാറുകയായിരുന്നു.

ഏറ്റവും താഴെയുള്ള മുയലിന്റെ ചെവിയുടെ അറ്റത്തായിട്ടാണ് കോഴിക്കുഞ്ഞ് ഒളിഞ്ഞിരിക്കുന്നത്. മഞ്ഞ നിറത്തിലായത് കൊണ്ട് തന്നെ ഇത് പെട്ടെന്ന് കണ്ണുകൾക്ക് പിടി തരില്ല.

നേരത്തെയും ഗെർഗെലിയുടെ പല ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളും ശ്രദ്ധേയമായി മാറിയിട്ടുണ്ട്. കുറെ ആമകൾ കൂട്ടമായി നിൽക്കുന്ന ഒരു ചിത്രം ഈയടുത്ത് ആളുകളെ ആകർഷിച്ചിരുന്നു. ഈ ചിത്രത്തിനിടെയിൽ നിന്നും ഒരു പാമ്പിനെ കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്. പതിനഞ്ച് സെക്കന്റിനുള്ളിൽ പാമ്പിനെ കണ്ടെത്തിയാൽ നിങ്ങളൊരു റെക്കോർഡിന് ഉടമയായിരിക്കും എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ഗെർഗെലി ഡുഡാസ് പറഞ്ഞത്.

Read More: ആമകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താമോ..? കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കൺഫ്യൂഷനിലാക്കി ഒരു ചിത്രം

Story Highlights: Another optical illusion picture goes viral