പായ്ക്കപ്പില്ല, പ്രാർത്ഥന മാത്രം; മോഹൻലാലിൻറെ അപൂർവ്വ നിമിഷം പകർത്തിയെടുത്ത് ഫോട്ടോഗ്രാഫർ

August 1, 2022

പൊതുവെ സിനിമകളുടെ അവസാന ദിവസം ആളുകൾ കേൾക്കാൻ പ്രതീക്ഷിച്ചിരിക്കുന്ന ഒരു വാക്കാണ് പായ്‌ക്കപ്പ് എന്നത്. ചിത്രത്തിന്റെ അവസാന ഷോട്ടും തന്റെ ആഗ്രഹത്തിനനുസരിച്ച് ഷൂട്ട് ചെയ്‍തതിന് ശേഷം സംവിധായകൻ പായ്‌ക്കപ്പ് എന്ന് പറഞ്ഞാണ് ഷൂട്ട് പൂർത്തിയാക്കാറുള്ളത്. വലിയ ആഘോഷങ്ങളും കൈയടിയുമൊക്കെ ആയിരിക്കും ഇതിന് പുറകെ സെറ്റിൽ ഉണ്ടാവാറുള്ളത്.

മാസങ്ങളുടെയോ ചിലപ്പോ വർഷങ്ങളുടെയോ കാത്തിരിപ്പിന് ശേഷം പൂർത്തിയാക്കുന്ന ചിത്രങ്ങളുടെ പായ്‌ക്കപ്പ് പറയുമ്പോൾ പലപ്പോഴും സംവിധായകരും അണിയറ പ്രവർത്തകരും നടീനടന്മാരും നൊമ്പരപ്പെടുന്നതും സിനിമ സെറ്റുകളിലെ സ്ഥിരം കാഴ്ച്ചയാണ്.

എന്നാലിപ്പോൾ വ്യത്യസ്‌തമായ ഒരു പായ്‌ക്കപ്പാണ് ശ്രദ്ധേയമാവുന്നത്. ഷൂട്ടിംഗ് പൂർത്തിയായപ്പോൾ പായ്‌ക്കപ്പ് എന്ന വാക്ക് പറയാതെ ആകാശത്തേക്ക് നോക്കി കണ്ണടച്ച് ചെറിയ ചിരിയോടെ നിശബ്‌ദമായി പ്രാർത്ഥിക്കുന്ന ഒരു സംവിധായകന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ മോഹൻലാലാണ് ഈ സംവിധായകൻ.

ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായതിന് ശേഷമാണ് അദ്ദേഹം നിശബ്‌ദമായി പ്രാർഥിച്ചത്. കൃത്യ സമയത്ത് മനോഹരമായ ആ നിമിഷം ക്യാമറയിലാവുകയും ചെയ്‌തു. സ്ഥിരമായി മോഹൻലാലിൻറെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുള്ള അനീഷ് ഉപാസനയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

“ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു…Paaack uppppp..എന്ന്…മാത്രമല്ല അതേസമയം പലരുടെയും മൊബൈൽ ക്യാമെറകളും ഓൺ ആയിരുന്നു.. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാൽ സാറിനെയാണ് ഞാൻ കണ്ടത്..മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥന..” ചിത്രം പങ്കുവെച്ചു കൊണ്ട് അനീഷ് ഉപാസന കുറിച്ചു.

Read More: “എനിക്ക് മാത്രം മണി സാർ ഭക്ഷണം തരുമായിരുന്നു, കാരണം..’; പൊന്നിയിൻ സെൽവന്റെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് ജയറാം

Story Highlights: Barroz packup mohanlal viral photo