“തിയേറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുന്നു..”; നടൻ ബിബിൻ ജോർജിന്റെ ഹൃദ്യമായ കുറിപ്പ്
മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് സബാഷ് ചന്ദ്രബോസിന് ലഭിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ചിത്രം പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. വളരെ മനോഹരമായ ഒരു ചിത്രം കണ്ടിറങ്ങിയ സംതൃപ്തിയോടെയാണ് പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് ഇറങ്ങുന്നത്. ചിത്രം കണ്ടവർ തന്നെയാണ് മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതൽ ആളുകളെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ഇപ്പോൾ ചിത്രത്തെ പറ്റിയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനെ പറ്റിയും നടൻ ബിബിൻ ജോർജ് എഴുതിയ ഒരു കുറിപ്പാണ് വൈറലാവുന്നത്. ഹൃദ്യമായ ഒരു കുറിപ്പാണ് തന്റെ ഉറ്റ സുഹൃത്ത് കൂടിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ചിത്രത്തെ പറ്റി ബിബിൻ ജോർജ് എഴുതിയിരിക്കുന്നത്.
“ഇത് എഴുതാൻ തുടങ്ങുമ്പോൾ അല്പം കണ്ണ് നനയുന്നുണ്ട് എനിക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിക്കൽ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേർന്ന് ഒരു നെടുമങ്ങാടൻ ഗ്രാമത്തിലായിരുന്നു കുറേ നേരം. തിയേറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. തിയേറ്ററിലെ കൂട്ടച്ചിരിയും ഒടുവിൽ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്ത് പോയി.
സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങൾ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂർവ്വ കാലം ഓർത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോൾ കണ്ണ് നിറയാതിരിക്കുന്നതെങ്ങനെ ? ആ സൈക്കിളിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.
വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകൾ. എന്ത് കൊണ്ടായിരിക്കും അത് ? ആലോചിച്ചപ്പോൾ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലർപ്പില്ലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങൾ. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ചന്ദ്രബോസിന്റെ കാൾ വരികയാണ്. അഭിനന്ദനങ്ങൾ ഷെയർ ചെയ്യാനാണ്.” ബിബിൻ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Bibin george about sabash chandra bose