“അതെ അഖിലേഷേട്ടനാണ്..”; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഓപ്പറേഷൻ ജാവയിലെ ഹിറ്റ് ഡയലോഗ് ഒരു കോടി വേദിയിൽ ആവർത്തിച്ച് ഉണ്ണി രാജ

August 9, 2022

“അഖിലേഷേട്ടനല്ലേ..?
“അതെ അഖിലേഷേട്ടനാണ്..”

സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റായ ഡയലോഗാണിത്. ഒരു സമയത്ത് സമൂഹമാധ്യമങ്ങളിലൊക്കെ ഈ ഡയലോഗ് വച്ചുള്ള ട്രോളുകൾ നിരവധി ആളുകളാണ് പങ്കുവെച്ചു കൊണ്ടിരുന്നത്. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലെ ഡയലോഗാണിത്. തരുൺ മൂർത്തി സംവിധാനം ചെയ്‌ത ചിത്രത്തിൽ നടൻ ഉണ്ണി രാജയാണ് ഈ ഡയലോഗ് പറയുന്നത്. വലിയ കൈയടിയും പ്രശംസയുമാണ് നടന് ഈ ഡയലോഗിലൂടെ ലഭിച്ചത്.

ഇപ്പോൾ വീണ്ടും ഈ ഡയലോഗ് വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ നടൻ ഉണ്ണി രാജയാണ് അതിഥിയായി എത്തിയത്‍. അദ്ദേഹം വേദിയിൽ ഈ ഡയലോഗ് ആവർത്തിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകനായ തരുൺ മൂർത്തി തന്നെ മനസ്സിൽ കണ്ടാണ് ഈ കഥാപാത്രത്തെ എഴുതിയതെന്ന് പറയുകയാണ് ഉണ്ണി രാജ.

താൻ അഭിനയിച്ച മിക്ക സിനിമകളിലും താൻ അഭിനയിച്ചില്ലെങ്കിലും മറ്റാരെങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടാവും. പക്ഷെ ആദ്യമായിട്ടാണ് താൻ തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഒരു സംവിധായകൻ വാശി പിടിക്കുന്നതെന്നും അത് ജീവിതത്തിലെ ഒരു മികച്ച അനുഭവമായിരുന്നുവെന്നും ഉണ്ണി രാജ കൂട്ടിച്ചേർത്തു. ആദ്യം വിളിച്ചപ്പോൾ തനിക്ക് പോവാൻ കഴിഞ്ഞില്ലെന്നും തരുണിന്റെ നിർബന്ധ പ്രകാരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ വീണ്ടും വിളിക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഇതിന് ശേഷമാണ് ഉണ്ണി രാജ ചിത്രത്തിലേക്കെത്തുന്നത്.

Read More: “ഡാൻസിൽ പ്രഭുദേവ പരാജയം സമ്മതിച്ച നിമിഷം..”; ജോണി വാക്കർ സിനിമയിലെ രസകരമായ അനുഭവം ഓർത്തെടുത്ത് പ്രേംകുമാർ

വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്‌ളവേഴ്‌സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

Story Highlights: Unni raja repeats his hit dialogue