ചിരഞ്‌ജീവിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും, ആരാധകർക്ക് സമ്മാനമായി തെലുങ്ക് ലൂസിഫറിന്റെ ട്രെയ്‌ലർ

August 22, 2022

തെലുങ്ക് സൂപ്പർതാരം ചിരഞ്‌ജീവി ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി താരങ്ങളാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും താരത്തിന് പിറന്നാളാശംസ നേർന്ന് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ചിരഞ്‌ജീവിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് മമ്മൂട്ടി താരത്തിന് ആശംസകൾ നേർന്നത്. ‘ജന്മദിനാശംസകൾ പ്രിയ ഭായ്. നിങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ. അനുഗ്രഹീതനായി നിലകൊള്ളൂ’ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചത്.

“ചിരഞ്‌ജീവി ഗാരുവിന് പിറന്നാളാശംസകൾ നേരുന്നു. എപ്പോഴും ജീവിതത്തിൽ ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു” എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. ചിരഞ്‌ജീവിയുടെ ചിത്രത്തോടൊപ്പമാണ് മോഹൻലാൽ കുറിപ്പ് പങ്കുവെച്ചത്.

അതേ സമയം ചിരഞ്‌ജീവിയുടെ പിറന്നാളിന് ആരാധകർക്കുള്ള സമ്മാനമായി ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്‌ഫാദറിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ലൂസിഫറിന്റെ റീമേക്കിനായി മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ ചിത്രത്തിൽ അവതരിപ്പിക്കുകയെന്നാണ് അറിയാൻ കഴിയുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ നയൻ താരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.

Read More: ലാലിൻറെ ഇച്ചാക്ക; മോഹൻലാലിൻറെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി, ചിത്രം പങ്കുവെച്ച് ഇരു താരങ്ങളും

Story Highlights: Birthday wishes for chiranjeevi