ലാലിൻറെ ഇച്ചാക്ക; മോഹൻലാലിൻറെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി, ചിത്രം പങ്കുവെച്ച് ഇരു താരങ്ങളും

August 21, 2022

മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാള സിനിമയിലെ താര രാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. സിനിമകൾ ചെയ്‌തു തുടങ്ങിയ കാലം മുതൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും നിലനിർത്തുന്നുണ്ട് ഇരു താരങ്ങളും. ഇരുവരുടെയും സൗഹൃദം ആരാധകർക്ക് വളരെ ഹൃദ്യമാവുന്ന ഒട്ടേറെ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിൻറെ കൊച്ചിയിലെ പുതിയ ഫ്ലാറ്റ് സന്ദർശിക്കാൻ എത്തിയതാണ് നടൻ മമ്മൂട്ടി. ഇതിനിടയിൽ എടുത്ത ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് വൈറലാവുന്നത്. ഇരു താരങ്ങളും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. “ഇച്ചാക്ക..” എന്ന കുറിപ്പോടെ മോഹൻലാൽ ചിത്രം പങ്കുവച്ചപ്പോൾ “ലാലിൻറെ പുതിയ വീട്ടിൽ.” എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്.

ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

Read More: ഒരു 10 ഇയർ ചലഞ്ച്; സിംഗപ്പൂരിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്‌ണ

അതേ സമയം ‘നൻപകൽ നേരത്ത് മയക്കം’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓരോ സിനിമാ പ്രേമികളുടെയും സ്വപ്ന സാക്ഷാത്കാരമാണ് ‘നൻപകൽ നേരത്ത് മയക്കം’. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഇതിനോടകം ആരാധകർക്കിടയിൽ ശ്രദ്ധനേടിയതാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു.

Story Highlights: Mohanlal and mammootty pic together