അമ്മയായി പത്ത് മാസത്തിനുള്ളിൽ കോമൺവെൽത്ത് മെഡൽ; ദീപിക തന്റെ അഭിമാനമെന്ന് ദിനേശ് കാർത്തിക്ക്

August 11, 2022

കായിക രംഗത്തെ താരജോഡിയാണ് ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും. ഇരുവരും രാജ്യത്തിന് വേണ്ടി തങ്ങളുടെ കായിക രംഗങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിലൊരാളാണ് കാർത്തിക്ക്. അതേ സമയം ഇന്ത്യയുടെ ഏറ്റവും മികച്ച സ്ക്വാഷ് താരങ്ങളിലൊരാളാണ് ദീപിക. ഇരുവരും തമ്മിലുള്ള വിവാഹം വലിയ ആവേശത്തോടെയാണ് കായിക രംഗം ഏറ്റെടുത്തിരുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള ഇരുവരും ഈ സന്തോഷ് വാർത്ത തങ്ങളുടെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. അതിന് ശേഷം ദീപിക വീണ്ടും കായിക രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു.

ഈ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് താരം. വലിയ ആവേശത്തോടെയാണ് രാജ്യം ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്. സ്വപ്‌നങ്ങൾക്ക് ഒന്നും ഒരു തടസ്സമാവില്ല എന്നാണ് നിരവധി ആളുകൾ വാർത്ത ഏറ്റെടുത്തു കൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

എന്നാൽ ഏറ്റവും ശ്രദ്ധേയമായി മാറിയത് ദീപികയുടെ ഭർത്താവായ ദിനേശ് കാർത്തിക്കിന്റെ പ്രതികരണമാണ്. ദീപിക മെഡൽ നേടിയ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചു കൊണ്ട് നീ നന്നായി കളിച്ചുവെന്നും നേട്ടത്തിൽ താൻ അഭിമാനം കൊള്ളുന്നുവെന്നുമാണ് കാർത്തിക്ക് കുറിച്ചത്. ഇപ്പോൾ കാർത്തിക്കിന്റെ പ്രതികരണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Read More: കല്യാണത്തിന് തലപ്പാവുമായി സച്ചിൻ; ഇത് സച്ചിൻ കുമാറെന്ന് യുവരാജ് സിംഗ്-വിഡിയോ

പരസ്‌പരമുള്ള പിന്തുണയിൽ ഇതിന് മുൻപും ശ്രദ്ധ നേടിയ ആളുകളാണ് കാർത്തിക്കും ദീപികയും. കാർത്തിക്ക് ജീവിതത്തിലും കരിയറിലും ഏറ്റവും മോശമായ ഒരു സമയത്തിലൂടെ കടന്ന് പോവുമ്പോൾ ദീപിക വലിയ താങ്ങായി നിന്നിരുന്നു. അതിനാൽ തന്നെ ഏറ്റവും മികവോടെ തന്നെ കാർത്തിക്ക് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു. ഇപ്പോൾ ദീപികയുടെ നേട്ടങ്ങളിൽ മികച്ച പിന്തുണ നൽകി കൂടെ നിൽക്കുകയാണ് കാർത്തിക്ക്.

Story Highlights: Dinesh karthik proud of deepika’s commonwealth medal