വരുന്നു ‘എമ്പുരാൻ’; ചിത്രത്തെ പറ്റിയുള്ള വമ്പൻ പ്രഖ്യാപനം ഇന്ന്

August 17, 2022

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ‘ലൂസിഫർ.’ മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം നേടിയ ചിത്രം ഒരേ പോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടിയ സിനിമ കൂടിയാണ്.

ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങൾ ഉണ്ടാവുമെന്ന് പൃഥ്വിരാജ് സ്ഥിരീകരിച്ചിരുന്നു. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.

ഒടുവിൽ ആരാധകർക്ക് ആവേശമായി ആ വലിയ പ്രഖ്യാപനം ഇന്ന് ഉണ്ടാവും. ഇന്ന് വൈകുന്നേരം 4 മണിക്ക് എമ്പുരാനെ പറ്റിയുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

നേരത്തെ ചിങ്ങം ഒന്നായ ഇന്ന് വലിയ ഒരു പ്രഖ്യാപനം ഉണ്ടാവുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. ദൃശ്യം 3 യുടെ പ്രഖ്യാപനമാണോ ഇതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായിരുന്നു. എന്നാൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർ ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം പൃഥ്വിരാജ് പങ്കുവെച്ചതോടെ എമ്പുരാന്റെ പ്രഖ്യാപനമാണ് വരാൻ പോവുന്നതെന്ന് പ്രേക്ഷകർ ഉറപ്പിച്ചു.

Read More: മോഹൻലാലിൻറെ സ്‌കൂട്ടർ ‘ഓടിച്ച്’ പൃഥ്വിരാജ്; ചിത്രം പങ്കുവെച്ച് സുപ്രിയ

അതേ സമയം ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

Story Highlights: Empuraan announcement today