മോഹൻലാലിൻറെ സ്‌കൂട്ടർ ‘ഓടിച്ച്’ പൃഥ്വിരാജ്; ചിത്രം പങ്കുവെച്ച് സുപ്രിയ

August 13, 2022

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് ഇന്ന് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഹിറ്റ് കൂട്ടുകെട്ടാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘ലൂസിഫർ’ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ചർച്ചകൾക്കായി മോഹൻലാലിൻറെ എറണാകുളത്തെ വസതിയിലെത്തിയ പൃഥ്വിരാജിന്റെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മോഹൻലാലിൻറെ ഒരു പഴയ മോഡൽ ലാംബി സ്‌കൂട്ടറിൽ ഇരിക്കുന്ന പൃഥ്വിരാജിന്റെ ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. പൃഥ്വിരാജിന്റെ ഭാര്യയും സിനിമ നിർമ്മാതാവുമായ സുപ്രിയയും ചിത്രത്തിലുണ്ട്.

മോഹൻലാൽ ഇട്ടിമാണി എന്ന ചിത്രത്തിൽ ഉപയോഗിച്ച സ്‌കൂട്ടർ ആണിത്. സിനിമ പൂർത്തിയായതിന് ശേഷം താരം ഈ സ്‌കൂട്ടർ സ്വന്തമാക്കുകയായിരുന്നു. സുപ്രിയ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read More: ഹർ ഘർ തിരംഗയുടെ ഭാഗമായി മോഹൻലാലും; വീട്ടിൽ ദേശീയ പതാക ഉയർത്തി താരം

അതേ സമയം ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വിദേശ ഷെഡ്യൂളിനായി പുറപ്പെടാനൊരുങ്ങുകയാണ് താരം. മൂന്ന് വർഷങ്ങൾക്ക് മുൻപ് കൊവിഡ് കാരണമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നത്. വിദേശ രാജ്യങ്ങളിലടക്കം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പല ലൊക്കേഷനുകളിലും കൊവിഡ് മൂലം ഷൂട്ടിംഗ് അനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും പല രാജ്യങ്ങളിലും ഷൂട്ട് തുടങ്ങാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

മോഹൻലാലിനൊപ്പം തൃഷ, ദുർഗ കൃഷ്‌ണ, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലണ്ടൻ, പാരീസ് എന്നീ നഗരങ്ങളൊക്കെ ചിത്രത്തിന്റെ വിദേശ ലൊക്കേഷനുകളാണ്.

Story Highlights: Supriya shares prithviraj on mohanlal’s scooter pic