കോമൺവെൽത്ത് ഗെയിംസ് സെമിഫൈനലിനൊരുങ്ങി ഇന്ത്യൻ വനിതകൾ; എതിരാളികൾ ആതിഥേയരായ ഇംഗ്ലണ്ട്

August 5, 2022

നാളെ കോമൺവെൽത്ത് ഗെയിംസ് വനിത ക്രിക്കറ്റിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. വലിയ പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ നാളെ ഇറങ്ങുക എന്നുറപ്പാണ്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് പരാജയം നേരിട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനെയും ബാർബഡോസിനെയും തകർത്താണ് ഇന്ത്യ സെമിഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. നാളെ ഉച്ച കഴിഞ്ഞ് 3.30 നാണ് മത്സരം.

ബുധനാഴ്ച്ചയാണ് ഇന്ത്യ-ബാർബഡോസ് മത്സരം നടന്നത്. 100 റൺസിന്റെ വമ്പൻ വിജയമാണ് ബാർബഡോസിനെതിരെ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടിയപ്പോൾ ബാർബഡോസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുക്കാനേ സാധിച്ചുള്ളൂ. 46 പന്തിൽ 56 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 4 വിക്കറ്റ് വീഴ്ത്തി രേണുക സിംഗ് ബൗളിങ്ങിൽ നിർണായക പ്രകടനം കാഴ്ച്ചവെച്ചു.

അതേ സമയം പാകിസ്ഥാനെതിരെ 8 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്കതിരെ 3 വിക്കറ്റിന് പരാജയം നേരിട്ടെങ്കിലും പാകിസ്ഥാനെതിരെയുള്ള മികച്ച വിജയം ഇന്ത്യൻ വനിതകളുടെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.

Read More: കേരളത്തിന്റെ ‘ശ്രീ’; കോമണ്‍വെല്‍ത്ത് ഗെയിംസിൽ ചരിത്രനേട്ടം കുറിച്ച് ലോംഗ് ജംപ് താരം ശ്രീശങ്കർ

സ്വർണ്ണ മെഡലിൽ കുറഞ്ഞതൊന്നും ഹർമൻപ്രീത് നയിക്കുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നില്ല. സ്‌മൃതി മന്ദാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ തുടങ്ങിയവർ അടങ്ങുന്ന ഇന്ത്യൻ ടീം ഏതൊരു ടീമിനെതിരെയും വിജയം നേടാൻ പോന്നവരാണ്. അതിനാൽ തന്നെ നാളത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ വിജയം നേടി ഫൈനലിലേക്ക് പ്രവേശിക്കാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്.

Story Highlights: India vs england semi-final match tomorrow