“മമ്മൂട്ടി സാർ, നിങ്ങളൊരു യഥാർത്ഥ സൂപ്പർസ്റ്റാർ..”; ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം ജയസൂര്യ

August 17, 2022

എംടി വാസുദേവൻ നായർക്കുള്ള സമർപ്പണമായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിൽ എത്തിയതാണ് നടൻ മമ്മൂട്ടി. രഞ്‌ജിത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു ഭാഗം ശ്രീലങ്കയിലാണ് നടക്കുന്നത്.

ഇപ്പോൾ ശ്രീലങ്കയിലെത്തിയ മമ്മൂട്ടിക്ക് ആതിഥ്യമരുളിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് സനത് ജയസൂര്യ. ശ്രീലങ്കയിലെത്തിയതിന് ജയസൂര്യ മമ്മൂട്ടിയോട് നന്ദി പറഞ്ഞു. മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നും തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ജയസൂര്യ കുറിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ കുറിപ്പ്.

“മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കളാണ് യഥാർഥ സൂപ്പർ സ്റ്റാർ. ശ്രീലങ്കയിൽ വന്നതിനു നന്ദി. എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു”.- ജയസൂര്യ തൻറെ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

എംടിയുടെ പത്ത് കഥകളാണ് ചെറു സിനിമകളാകുന്നത്. പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ‘ഓളവും തീരവും’ ആന്തോളജിയുടെ ഭാഗമായ മറ്റൊരു ചിത്രമാണ്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച ഇതേ പേരിലുള്ള ചിത്രം 1970 ൽ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ നടൻ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്‌ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്.

Read More: “പൊറോട്ടയും ബീഫുമില്ല, പകരം ഇത്തവണ പോപ്‌കോൺ..”; ‘പാപ്പൻ’ കാണാൻ തിയേറ്ററിലെത്തി സുരേഷ് ഗോപിയും ഷമ്മി തിലകനും

സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

Story Highlights: Jayasurya thanks mamootty for visiting sri lanka