കാർലോസ് ആയി ജോജു ജോർജ്, അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രം ‘പീസ്’ റിലീസിനൊരുങ്ങുന്നു; ശ്രദ്ധനേടി ട്രെയ്‌ലർ

August 5, 2022

അഭിനയ മികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പീസ്. നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തിയതുമുതൽ ഏറെ ആവേശം സൃഷ്‌ടിച്ചതാണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിൽ കാർലോസ് എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ജോജുവിന്റെ മേക്കോവറും നേരത്തെ ശ്രദ്ധ നേടിയതാണ്. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന ജോജുവിന്റെ ഫോട്ടോയും മുൻപ് വൈറലായിരുന്നു.

സംവിധായകൻ തന്നെ കഥയും ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ്. സിനിമയിൽ നായികയായി വേഷമിടുന്നത് രമ്യ നമ്പീശനാണ്. വൈറസ്, ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങൾക്ക് ശേഷം രമ്യ നമ്പീശനും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് പീസ്. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. സിദ്ദിഖ്, വിജിലേഷ്, ആശ ശരത്ത്, അതിഥി രവി, ഷാലു റഹീം, മാമുക്കോയ, പൗളി വിത്സന്‍, അര്‍ജുന്‍ സിങ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് .

Read also: ‘തല ഉയർത്തിപിടിക്കുകയാണ് ഞാൻ..’- സിനിമാലോകത്ത് 20 വര്ഷം പൂർത്തിയാക്കി കനിഹ

ആക്ഷേപഹാസ്യരൂപേണ ഒരുക്കുന്ന ചിത്രം കാർലോസ് എന്ന ഡെലിവറി പാട്ണറുടെ ജീവിതം പ്രമേയമാക്കിയാണ് തയാറാക്കുന്നത് എന്നാണ് സൂചന. ഷമീർ ജിബ്രാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

അതേസമയം ജൂനിയർ ആർട്ടിസ്റ്റായി വെള്ളിത്തിരയിലെത്തി വില്ലനായും ഹാസ്യകഥാപാത്രമായും തിളങ്ങി നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് ജോജു ജോര്‍ജ്. ‘ജോസഫ്’ എന്ന ഒറ്റ ചിത്രം മതി പ്രേക്ഷകര്‍ക്ക് ജോജു ജോര്‍ജിനെ ഹൃദയത്തില്‍ അടയാളപ്പെടുത്താന്‍. ഒരുപിടി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു ജോജു ജോർജ്.

Story highlights: Joju George Peace Movie Trailer