“റെയ്ബാൻ വെച്ചത് ആടുതോമയോടുള്ള ആരാധന മൂലം..”; കാർത്തിയെ കൈയടികളോടെ സ്വീകരിച്ച് മലയാളികൾ

August 10, 2022

തമിഴിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനാണ് കാർത്തി. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കേരളത്തിലും വലിയ ആരാധകരെ സൃഷ്‌ടിച്ച നടനാണ് താരം. കൈതി അടക്കമുള്ള താരത്തിന്റെ ചിത്രങ്ങളൊക്കെ കേരളത്തിൽ വലിയ ഹിറ്റുകളായിരുന്നു.

ഇപ്പോൾ ‘വീരുമൻ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയിരിക്കുകയാണ് കാർത്തി. തിരുവനന്തപുരത്താണ് ചടങ്ങ് നടന്നത്. ഇതിനിടയിൽ കാർത്തി പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ലാൽ സാറിന്റെ സ്‌ഫടികം തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും അതിലെ ലാൽ സാറും തിലകൻ സാറും തമ്മിലുള്ള അച്ഛൻ-മകൻ സീനുകളൊക്കെ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നുമാണ് താരം പറയുന്നത്. ആടുതോമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീരുമനിൽ താൻ റെയ്ബാൻ ഗ്ലാസ് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. വലിയ ആവേശത്തോടെയാണ് ആരാധകർ ഇതേറ്റെടുത്തത്.

അതേ സമയം മണി രത്നത്തിന്റെ പൊന്നിയിൻ സെൽവനാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന കാർത്തിയുടെ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം. മണിരത്‌നം എന്ന ഇതിഹാസ സംവിധായകന്റെ സ്വപ്‌ന സിനിമയാണ് ‘പൊന്നിയിൻ സെൽവൻ.’ 1980 കളിൽ തൊട്ട് ചിത്രം നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു സംവിധായകൻ. ഒടുവിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് ‘പൊന്നിയിൻ സെൽവന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്.

Read More: നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മമ്മൂട്ടി-രഞ്‌ജിത്‌ കൂട്ടുകെട്ട്; കൈകോർക്കുന്നത് നെറ്റ്ഫ്ലിക്സിനായി

വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ കാർത്തിക്കൊപ്പം വിക്രം, ഐശ്വര്യ റായ്, ജയം രവി, പാർത്ഥിപൻ, സത്യരാജ്, തൃഷ, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്.

Story Highlights: Karthi about sphadikam being his favourite movie